ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ നടപടികൾ തത്സമയം സംപ്രേഷണം ചെയ്ത് ദുരുപയോഗിക്കുന്ന വിഷയത്തിൽ പൊതുജനാഭിപ്രായം തേടി ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി). ബന്ധപ്പെട്ടരിൽനിന്ന് 10 ദിവസത്തിനകം അഭിപ്രായം തേടാനാണ് തീരുമാനം.
വിഷയം പഠിച്ച് ശിപാർശ നൽകാൻ സമിതിക്കും രൂപംനൽകിയതായി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹരജി പരാമർശിച്ച് മെഡിക്കൽ കമീഷന്റെ അറിയിപ്പിൽ പറയുന്നു. തത്സമയ ശസ്ത്രക്രിയ സംപ്രേഷണം വഴി പല സ്വകാര്യ ആശുപത്രികളും രോഗികളെ കച്ചവടത്തിന് ഉപയോഗിക്കുന്നതായി ഹരജിക്കാരനായ ഡൽഹി സ്വദേശി രാഹുൽ ചൗധരി ചൂണ്ടിക്കാട്ടിയിരുന്നു.
ഗൂഢലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ യോഗങ്ങളിൽ രോഗികളെ മാതൃകയായി ഉപയോഗിക്കുന്നുണ്ടെന്നും കഴിഞ്ഞ ഒക്ടോബറിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞിരുന്നു. കേന്ദ്രസർക്കാറിൽനിന്നും മെഡിക്കൽ കമീഷനിൽനിന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരണം തേടിയതിന് പിന്നാലെയാണ് മെഡിക്കൽ കമീഷൻ പൊതു അറിയിപ്പിറക്കിയത്.
രോഗികളുടെ ദുരിതം ചൂഷണം ചെയ്ത് പല കമ്പനികളും പണം സമ്പാദിക്കുന്നതായും പരസ്യത്തിന്റെ സ്പോൺസർഷിപ്പും മറ്റുമായി ശസ്ത്രക്രിയയുടെ തത്സമയ സംപ്രേഷണത്തിന്റെ യഥാർഥ ലക്ഷ്യത്തെ മറികടക്കുന്നതായും മെഡിക്കൽ കമീഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മുൻകൂട്ടി റെക്കോഡ് ചെയ്ത വിഡിയോകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്താൽ കൂടുതൽ പ്രശ്നങ്ങളില്ലാതെ ഉദ്ദേശിച്ച കാര്യങ്ങൾ നടത്താമെന്ന് കമീഷൻ അടിവരയിടുന്നു.
ശസ്ത്രകിയക്കിടെ സ്റ്റാൻഡ് അടക്കമുള്ള ഉപകരണങ്ങളുടെ പരസ്യമാണ് കാണിക്കുന്നത്. കണ്ണിന്റെ ശസ്ത്രക്രിയക്കിടെ തത്സമയ സംപ്രേഷണം വ്യാപകമാണെന്നും പരാതിയുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.