മുംബൈ: വിവാഹം കഴിക്കാൻ നിർബന്ധിച്ചതിന് യുവതി ലിവ്-ഇൻ പങ്കാളി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. അനിഷ ബരാസ്ത ഖാത്തൂൻ (22) ആണ് മരിച്ചത്. ദിവസങ്ങൾക്കു ശേഷം പ്രതിയെ പശ്ചിമ ബംഗാളിൽ നിന്നും പൊലീസ് പിടികൂടി.
മാർച്ച് 15ന് താമസസ്ഥലത്ത് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മിനാസുദ്ദീൻ അബ്ദുൽ അസീസ് മുല്ല എന്ന രവീന്ദ്ര റെഡ്ഡിയെ (26) മാർച്ച് 22ന് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ ഉടമയെ വിവരമറിയിക്കുകയായിരുന്നു. വാതിലിൽ തട്ടിയപ്പോൾ പ്രതികരണമൊന്നും ഇല്ലാതായതോടെ ഉടമ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
‘അനിഷ ബരാസ്ത ഖാത്തൂനെ മാർച്ച് 15 ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. അന്വേഷണത്തിൽ മിനാസുദ്ദീനും അനിഷയും ലിവ്-ഇൻ റിലേഷനിൽ ആണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു’- ജില്ല പൊലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.