ന്യൂഡൽഹി: ഡൽഹി മുൻ സർക്കാറിന്റെ മദ്യനയ കേസിൽ ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ളവരെ കുറ്റമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ ഡൽഹി ഹൈകോടതിയിൽ സി.ബി.ഐ നൽകിയ അപ്പീൽ ജസ്റ്റിസ് മനോജ് ജെയിൻ ഇന്ന് പരിഗണിച്ചു. ഡൽഹി മദ്യനയക്കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതിയിൽ, ഈ മദ്യ അഴിമതി രാജ്യത്തിന്റെ തലസ്ഥാനത്തെ ബാധിച്ചു എന്ന് സി.ബി.ഐ വ്യക്തമാക്കുകയും ഇത് അഴിമതിയൈണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
'ഞങ്ങളുടെ കണക്കുകൂട്ടലിൽ ഇത് ഈ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്ന ഒരു അഴിമതിയാണ്. അതിനാൽ ഞങ്ങൾ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് കോടതി തീരുമാനിക്കും, എന്നാൽ അത് എത്രയും വേഗം തീരുമാനിക്കപ്പെടേണ്ടതുണ്ട്', ജസ്റ്റിസ് മനോജ് ജെയിൻ മുൻപാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ദുർഗേഷ് പഥക്, സഞ്ജയ് സിങ്, വിനയ് മിശ്ര, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരെ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ നേരത്തെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിനെയും മറ്റുള്ളവരെയും കേസിൽ നിന്നും ഒഴിവാക്കിയതിനെതിരെയുള്ള സി.ബി.ഐയുടെ പുനഃപരിശോധന ഹരജി താൻ കേൾക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.
ക്രിമിനൽ കോടതിയലക്ഷ്യ നടപടികളിൽ ഉത്തരവ് പുറപ്പെടുവിക്കവെ, 'അരവിന്ദ് കെജ്‌രിവാൾ ആസൂത്രിതമായ ഒരു അപകീർത്തിപ്പെടുത്തൽ കാമ്പെയ്ൻ സംഘടിപ്പിച്ചു,' എന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ പറഞ്ഞു. 'സമാനമായ രീതിയിൽ മനീഷ് സിസോദിയയും 19-ാം പ്രതിയായ ദുർഗേഷ് പഥകും ചില കത്തുകൾ എഴുതുകയും ചില ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതും കോടതിയലക്ഷ്യമായി കണ്ടെത്തിയിട്ടുണ്ട്. കോടതി അലക്ഷ്യ നിയമത്തിലെ സെക്ഷൻ 2C പ്രകാരം നിർവ്വചിച്ചിട്ടുള്ള ക്രിമിനൽ കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ തന്നെയാണ് ഇവരും വരുന്നത്.' ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ കൂട്ടിച്ചേർത്തു. ഇത്തരം പ്രവൃത്തികൾ ശ്രദ്ധിക്കപ്പെടാതെ പോയാൽ, കോടതികളെ സംഘടിതമായ പൊതുജന സമ്മർദ്ദത്തിന് വിധേയമാക്കാം എന്നൊരു സന്ദേശം അത് നൽകിയേക്കാമെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.