ന്യൂഡൽഹി: വഫഖ് ഭേദഗതി ബിൽ ചർച്ചക്കിടെ ലോക്സഭയിൽ നാടകീയ പ്രതിഷേധവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി.
ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വെള്ളക്കാർക്ക് അനുകൂലമായ ബിൽ കീറിയെറിഞ്ഞ ഗാന്ധിയുടെ മാതൃക സ്വീകരിച്ച്, വഖഫ് ബില്ലിന്‍റെ പകർപ്പ് സഭയിൽ കീറിക്കളഞ്ഞായിരുന്നു ഹൈദരാബാദ് എം.പി ഉവൈസി പ്രതിഷേധം രേഖപ്പെടുത്തിയത്. എട്ടു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു. വ്യാഴാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും.
‘നിങ്ങൾ ചരിത്രം വായിച്ചിട്ടുണ്ടെങ്കിൽ, ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാർക്ക് അനുകൂലമായ നിയമങ്ങളെക്കുറിച്ച് മഹാത്മാഗാന്ധി പറഞ്ഞത് കാണാനാകും, എന്റെ മനസ്സാക്ഷി ഇത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഗാന്ധി അത് കീറിക്കളയുകയാണ് ചെയ്തത്. ഗാന്ധിയെപ്പോലെ, ഞാനും ഈ നിയമം കീറിക്കളയുകയാണ്’ -ഉവൈസി ലോക്സഭയിൽ ചർച്ചക്കിടെ പറഞ്ഞു. ഈ ബിൽ ഭരണഘടനവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ രാജ്യത്ത് വിഭജനം സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇതിനെ അപലപിക്കുന്നു, പത്ത് ഭേദഗതികൾ അംഗീകരിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും ഉവൈസി വ്യക്തമാക്കി.
രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയ വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി. പാർലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് വിവാദ വഖഫ് ബിൽ ലോക്സഭയിൽ അടിച്ചേൽപിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ, ഗൗരവ് ഗോഗോയി, കെ. സുധാകരൻ, ഇംറാൻ മസൂദ്, അസദുദ്ദീൻ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, രാജീവ് രഞ്ജൻ, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ ലോക്സഭ പാസാക്കിയത്.
ഇൻഡ്യസഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.