ന്യൂഡൽഹി: തെക്കൻ കശ്മീരിലെ അംഷിപുരയിൽ വ്യാജ ഏറ്റുമുട്ടലിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ സൈനിക ക്യാപ്റ്റനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാൻ സൈനിക കോടതി ശിപാർശ. 2020 ജൂലൈയിൽ നടന്ന സംഭവത്തിൽ ഒരു വർഷത്തിനകം ജനറൽ കോർട്ട് മാർഷൽ നടപടികൾ പൂർത്തിയാക്കിയാണ് സൈനിക കോടതി ശിക്ഷ നിർദേശിച്ചിരിക്കുന്നത്.
സൈനികർ സായുധ സേന (പ്രത്യേക അധികാരം) നിയമത്തിനു കീഴിൽ നിക്ഷിപ്തമായ അധികാരങ്ങളുടെ പരിധി കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ക്യാപ്റ്റൻ ഭൂപേന്ദ്ര സിങ്ങിനെ കോടതി മാർഷലിന് വിധേയനാക്കിയത്.
ഉന്നത സൈനിക അധികാരികളുടെ അംഗീകാരത്തോടെയാണ് ജീവപര്യന്തം ശിക്ഷ നിർദേശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2020 ജൂലൈ 18നാണ് ഭീകരവാദികൾ എന്ന് ആരോപിച്ച് രജൗരി സ്വദേശികളായ ഇംതിയാസ് അഹമ്മദ്, അബ്റാർ അഹമ്മദ്, മുഹമ്മദ് ഇബ്റാർ എന്നിവരെ സൈന്യം ഷോപിയാനിൽ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സൈനികതല അന്വേഷണം ആരംഭിച്ചത്. തെളിവു രേഖപ്പെടുത്തൽ പൂർത്തിയായതായി സൈന്യം അറിയിച്ചു.
കോർട്ട് മാർഷൽ നടക്കുന്നതിനിടെ അബ്റാർ അഹമ്മദിന്റെ പിതാവ് മുഹമ്മദ് യൂസഫിനെയും സൈന്യം വിളിച്ചുവരുത്തി മകനെ കാണാതായത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ജമ്മു-കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുകയും കുടുംബത്തിലെ ഒരംഗത്തിന് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, അത് ഇതു വരെ നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.