ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകന് കോടതിമുറിയിൽ ചെരുപ്പു കൊണ്ടടി

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെ സമാനമായ രീതിയിൽ അജ്ഞാതർ ചെരിപ്പുകൊണ്ട് അടിച്ചു. ഡൽഹിയിലെ കർക്കദൂമ കോടതി സമുച്ചയത്തിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.  

അടുത്തുള്ളയാൾക്ക് തടയാനാവും മുമ്പ് കിഷോറിന് ചെരിപ്പുകൊണ്ടുള്ള അടിയേൽക്കുന്നത് ക്ലിപ്പിൽ കാണാം. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ടവരുടെ മുഖം അതിൽ വ്യക്തമല്ല. അവരുടെ പേരു വിവരങ്ങളും അജ്ഞാതം. കർക്കദൂമ കോടതി സമുച്ചയത്തിൽ അഭിഭാഷകർ, വ്യവഹാരികൾ, കോടതി ജീവനക്കാർ എന്നിവരുടെ ഗണ്യമായ തിരക്കുണ്ടാവാറുണ്ട്. സംഭവം നടക്കുന്ന സമയത്ത് ഏതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. ഒരു ഗ്രൂപ്പോ വ്യക്തിയോ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടുമില്ല. 

ഒക്ടോബർ 6 നാണ് സുപ്രീംകോടതിയിലെ നടപടികൾക്കിടെ മുൻ ചീഫ് ജസ്റ്റിസ് ഗവായിക്കു നേരെ ഷൂ ഏറുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് കിഷോറിനെ കോടതി മുറിയിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തിനിടെ, സനാതന ധർമത്തിന്റെ (ഹിന്ദുത്വം) സംരക്ഷണത്തെക്കുറിച്ച് പരാമർശിക്കുന്ന മുദ്രാവാക്യങ്ങൾ കിഷോർ വിളിച്ചിരുന്നു.

ഖജുരാഹോയിൽ 7 അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഗവായ് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഷൂ എറിഞ്ഞതെന്നായിരുന്നു റിപ്പോർട്ട്.  ആ വിഷയത്തിൽ, ‘പരാതിക്കാർക്ക് ദൈവത്തിൽ നിന്ന് ഉത്തരം തേടാമെന്ന്’ ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടിരുന്നു. ഇത് അഭിഭാഷകനെ ചൊടിപ്പിച്ചു.

കൂടാതെ, മൗറീഷ്യസിൽ പര്യടനം നടത്തുന്നതിനിടെ ഇന്ത്യയിലെ ബുൾഡോസർ പൊളിക്കലുകൾക്കെതിരെ ചീഫ് ജസ്റ്റിസ് പരാമർശങ്ങൾ നടത്തുകയും കോടതി അത് എങ്ങനെ സ്റ്റേ ചെയ്തുവെന്ന് വിവരിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസ് നടത്തിയ അഭിപ്രായങ്ങളെ കിഷോർ വിമർശിച്ചിരുന്നു. അതേസമയം, രാകേഷ് കിഷോറിനെതിരെ കേസെടുക്കേണ്ടെന്ന നിലപാടാണ് ഗവായ് കൈക്കൊണ്ടത്.

Tags:    
News Summary - Lawyer who threw shoe at Justice B.R. Gavai gets hit with shoe in courtroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.