412 പ്രഫസർമാരിൽ ഒരാൾ പോലും എസ്‌.ടി വിഭാഗത്തിലില്ല; ഐ.ഐ.ടി ബോംബെയിൽ അധ്യാപക നിയമനത്തിൽ അസമത്വം

മുംബൈ: ഐ.ഐ.ടി ബോംബെയിലെ അധ്യാപകർക്കിടയിൽ എസ്.ടി, എസ്.സി, ഒ.ബി.സി സമുദായങ്ങളുടെ പ്രാതിനിധ്യം പരിമിതമെന്ന്  വിവരാവകാശ രേഖ. 2026 സെപ്റ്റംബർ വരെ ഇവിടെ 412 പ്രഫസർമാർ ഉണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർ എസ്‌.സി വിഭാഗത്തിലും ആറ് പേർ ഒ.ബി.സി വിഭാഗത്തിലും ആണ്. അതേസമയം, എസ്.ടി വിഭാഗത്തിൽ നിന്ന് ഒരു പ്രഫസർ പോലുമില്ലെന്ന് രേഖ വ്യക്തമാക്കുന്നു. അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തലങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 363 അധ്യാപകരുണ്ടായിരുന്നു. വിവരാവകാശ  രേഖ പ്രകാരം ഇതിൽ 29 എസ്‌.സി, 8 എസ്.ടി, 35 ഒ.ബി.സി അധ്യാപകരാണ്. 

ഓൾ ഇന്ത്യ ഒ.ബി.സി സ്റ്റുഡന്റ്സ് അസോസിയേഷൻ ചെയർപേഴ്സൺ ഗൗഡ് കിരൺ കുമാറാണ് വിവരാവകാശ അപേക്ഷ നൽകിയത്. ഫെബ്രുവരിയിൽ നൽകിയ മറ്റൊരു ആർ.ടി.ഐ അപേക്ഷക്ക് മറുപടിയായി ഐ.ഐ.ടി ബോംബെ നൽകിയ വിവരങ്ങളുമായാണ് ഈ പുതിയ കണക്കുകൾ താരതമ്യം ചെയ്തത്. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിലായി 33 എസ്‌.സി അധ്യാപകരുണ്ടെന്നാണ് ഫെബ്രുവരിയിലെ കണക്കുകൾ രേഖപ്പെടുത്തിയത്. ആ സമയത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു എസ്.ടി അസോസിയേറ്റ് പ്രഫസറും ഏഴ് എസ്.ടി അസിസ്റ്റന്‍റ് പ്രഫസർമാരുമാണുണ്ടായിരുന്നത്. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള 41 അധ്യാപകരും ഉണ്ടായിരുന്നു. കിരൺ കുമാറിന്റെ അഭിപ്രായത്തിൽ, സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ഈ മൂന്ന് റാങ്കുകളിലുമായി എസ്‌.സി വിഭാഗത്തിൽ നിന്നുള്ള അധ്യാപകരുടെ എണ്ണത്തിൽ ഒരാളുടെ വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഈ മാസം ആദ്യം 22 വയസ്സുള്ള വിദ്യാർഥി സാഹിൽ വാക്കോഡെയുടെ മരണത്തെത്തുടർന്ന് ഐ.ഐ.ടി ബോംബെ കടുത്ത വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. മിഡ്-സെമസ്റ്റർ പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ടതിനെത്തുടർന്ന് വാക്കോഡെ ആത്മഹത്യ ചെയ്തു എന്നാണ് ആരോപണം. അധ്യാപകർ വിദ്യാർഥിക്ക് കൗൺസിലിങ് നൽകിയതായി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയെങ്കിലും ജാതീയമായ അധിക്ഷേപങ്ങൾക്ക് ഇരയായതായി മാതാപിതാക്കൾ ആരോപിച്ചു. ഈ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Inequality in teacher recruitment at IIT Bombay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.