എസ്.ഐ.ആറിലെ വെട്ടിനിരത്തൽ: രാജി വരെ പ്രക്ഷോഭം

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണ (എസ്.ഐ.ആർ) നടപടികളിലെ ക്രമക്കേടുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന് പ്രതിപക്ഷം. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തിപ്രാപിച്ചു. ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി ചേർന്ന് കൂടുതൽ സമര പരിപാടികൾ ആസൂത്രണം ചെയ്യും. ബുധനാഴ്ച ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ യോഗം ചേരുന്നതോടെ സമരം കൂടുതൽ കരുത്താർജിക്കും.

ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് തിങ്കളാഴ്ച യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ തുടങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലഖ്‌നോ, ഗൊരഖ്പൂർ എന്നിവിടങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, അസം, കശ്മീർ എന്നിവിടങ്ങളിലും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നു. അതിനിടെ, ഡൽഹിയിലെ യമുനാ തീരത്ത്, എസ്.ഐ.ആറിൽ വൻതോതിൽ വോട്ട് വെട്ടിമാറ്റിയ ബേലാ എസ്റ്റേറ്റ് ചേരിപ്രദേശം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു.

ഇവിടെയുള്ള 728 ആളുകളിൽ 727 പേരുടെയും പേരുകൾ പുതിയ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും ഒരാളുടെ പേര് മാത്രമാണ് നിലനിർത്തിയതെന്നും രാഹുൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്ന, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയവരാണിവർ. ഈ അനീതിക്ക് കാരണക്കാരനായ ഗ്യാനേഷ് കുമാർ രാജിവെച്ച് പോകേണ്ടി വരുമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച സംവിധാനങ്ങളോട് വരുംദിവസങ്ങളിൽ കണക്കുചോദിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - SIR Voter List Cuts: Opposition Demands CEC's Resignation, Protests Intensify Nationwide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.