ഒടുവിൽ വാദി പ്രതിയോ? പർവേഷ് വർമ യുവാവിന്റെ മുഖത്തടിച്ച സംഭവം: മന്ത്രിക്കെതിരെ എൻസിആർ; എഎപി എം.എൽ.എക്കെതിരെ എഫ്‌ഐആർ
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ റോഡ് പരിശോധനക്കിടെ യുവാവിനെ മർദിച്ച സംഭവത്തിൽ ഡൽഹി പൊതുമരാമത്ത് (പിഡബ്ല്യുഡി) മന്ത്രി പർവേഷ് വർമക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് മന്ത്രി പർവേഷ് വർമക്കെതിരെ നോൺ-കോഗ്നിസബിൾ റിപ്പോർട്ട് (NCR) രജിസ്റ്റർ ചെയ്തത്. അതേസമയം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പിഡബ്ല്യുഡി വകുപ്പിന്റെ പരാതിയിൽ എഎപി (ആം ആദ്മി പാർട്ടി) എംഎൽഎ ജർണയിൽ സിങ്ങിനെതിരെ പൊലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച തിലക് നഗറിലെ ഔട്ടർ റിങ് റോഡിൽ പുതുതായി നിർമിച്ച റോഡിന്റെ ഗുണനിലവാരം പരിശോധിക്കാൻ എത്തിയതായിരുന്നു പിഡബ്ല്യുഡി മന്ത്രി പർവേഷ് വർമ. പരിശോധനക്കിടെ സ്ഥലത്തുണ്ടായിരുന്ന എഎപി എംഎൽഎ ജർണയിൽ സിങ്, റോഡ് നിർമാണം തികച്ചും നിലവാരമില്ലാത്തതാണെന്ന് ആരോപിക്കുകയും കൈകൊണ്ട് പുതിയ റോഡിന്റെ ഉപരിതലം പൊളിച്ചെടുത്ത് കാണിക്കുകയും ചെയ്തു.
ഈ സമയത്ത് എംഎൽഎയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് തത്സമയം (ലൈവ് സ്ട്രീം) ദൃശ്യങ്ങൾ പകർത്തുകയായിരുന്നു യുവാവായ സാഹിബ് സിങ്. തർക്കം രൂക്ഷമായതോടെ മന്ത്രി പർവേഷ് വർമ യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷ കക്ഷികൾ ഭരണകക്ഷിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. മർദനമേറ്റ സാഹിബ് സിങ്ങിന്റെ പരാതിയിലാണ് മന്ത്രി പർവേഷ് വർമക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 115 (സ്വമേധയാ പരിക്കേൽപ്പിക്കൽ) പ്രകാരം എൻസിആർ രജിസ്റ്റർ ചെയ്തത്.
എന്തുകൊണ്ട് എൻസിആർ?
എഫ്‌ഐആറിൽ നിന്ന് വ്യത്യസ്തമായി, എൻസിആർ രജിസ്റ്റർ ചെയ്താൽ പൊലീസിന് നേരിട്ട് അന്വേഷണം ആരംഭിക്കാനോ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനോ കഴിയില്ല. കോടതി മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവുണ്ടെങ്കിൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകൂ. അതേസമയം പൊതുമരാമത്ത് വകുപ്പ് (PWD) നൽകിയ പരാതിയിൽ എംഎൽഎ ജർണയിൽ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.