ഉത്തരാഖണ്ഡിൽ മഴയും മണ്ണിടിച്ചിലും; ബദ്‍രീനാഥ് യാത്രികർ വഴിയിൽ കുടുങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും റോഡ് തകർന്നതോടെ ബദ്‍രീനാഥ് യാത്രികർ വഴിയിൽ കുടുങ്ങി. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ബദ്‍രീനാഥിലേക്കുള്ള ദേശീയ പാത ഏഴിന്റെ ഒരു ഭാഗം പൂർണമായും മണ്ണിടിച്ചിലിൽ തകർന്നു. നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഹലിമാചലിൽ മാണ്ഡിയും കുളുവും ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും മൂലം തടസമുണ്ടായതിനെ തുടർന്ന് 15 കിലോമീറ്റർ ദൂരത്തിൽ ഗതാഗതക്കുരുക്ക് നേരിടുകയും 200 ഓളം വരുന്ന വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് സമീപ സംസ്ഥാനമായ ഉത്തരാഖണ്ഡിലും മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.

മഴ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഹിമാചൽ പ്രദേശിൽ ഈ വർഷം ഇതുവരെ 19 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 34 പേർക്ക് പരിക്കുകളേൽക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉത്തരാഖണ്ഡിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Landslide Washes Away Part Of Highway To Badrinath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.