ലഖിംപുർ ഖേരി: ഒന്നാം വാർഷികത്തിലും നീതി ലഭിക്കാതെ കർഷകർ

ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയിട്ട് ഒരു വർഷം പിന്നിടുമ്പോഴും നീതി ലഭിക്കാതെ ഇരകൾ. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായെങ്കിലും ആരോപണവിധേയനായ അജയ് മിശ്ര ഇപ്പോഴും കേന്ദ്രമന്ത്രിസഭയിൽ തുടരുകയാണ്.

2021 ഒക്ടോബർ മൂന്നിനാണ് നാല് കർഷകരുൾപ്പെടെ എട്ട് പേർ ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടത്. രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച കർഷകസമരത്തിനിടെ നടന്ന സംഭവം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ ടികുനിയ ഗ്രാമത്തിൽ കർഷകർ പ്രതിഷേധം നടത്തുന്നതിനിടെ നാല് പേർ വാഹനവ്യൂഹത്തിന്റെ ചക്രത്തിനടിയിൽപെട്ട് ചതഞ്ഞരഞ്ഞു മരിക്കുകയായിരുന്നു. പത്തു കർഷകർക്ക് ഗുരുതരമായി പരിക്കേറ്റു.തുടർന്നുണ്ടായ അക്രമത്തിൽ ഒരു മാധ്യമപ്രവർത്തകനും, രണ്ട് ബി.ജെ.പി പ്രവർത്തകരും വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു.

ആശിഷ് മിശ്രയെ രക്ഷിക്കാൻ ഉന്നതതല ശ്രമം നടന്നെങ്കിലും കർഷകരോഷത്തെത്തുടർന്ന് പൊലീസിന് ഇയാളെ പ്രതിയാക്കേണ്ടിവന്നു. ആദ്യം മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്.

പിന്നീട് കരുതിക്കൂട്ടി ചെയ്ത കൊലപാതകമെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ടായി. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദ്ര ശുക്ലയും പ്രതിപ്പട്ടികയിലുണ്ട്. കർഷകർക്കുനേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നെന്നായിരുന്നു സാക്ഷിമൊഴി.

സംഭവത്തിന്റെ ഒന്നാം വാർഷികം വ്യാപകമായി ആചരിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അക്രമത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷകനേതാവ് രാകേഷ് ടികായത് പറഞ്ഞു.

തിങ്കളാഴ്ച ടികുനിയയിലെ കൗഡിയാല ഘട്ട് ഗുരുദ്വാരയിൽ നടന്ന ആചരണപരിപാടികളിൽ ടികായത് പങ്കെടുത്തു.കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഫഗ്വാരയിൽ ഭാരതി കിസാൻ യൂണിയൻ (ദോബ) പ്രതിഷേധ പ്രകടനം നടത്തി.

അക്രമം നടന്നിട്ട് ഒരു വർഷമാകുമ്പോഴും അജയ് മിശ്ര മന്ത്രിയായി തുടരുന്നത് മോദി സർക്കാറിന്റെ കർഷകരോടുള്ള മനോഭാവത്തിന്റെ ഉദാഹരണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

കരിനിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ മനഃപൂർവം കൊലപ്പെടുത്തുകയായിരുന്നെന്നും കൊലയിൽ മന്ത്രിയുടെ മകന്റെ പങ്കിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയെ കോൺഗ്രസ് തുടർന്നും പിന്തുണക്കും.

പ്രതിഷേധങ്ങൾക്ക് വഴങ്ങി സർക്കാർ കാർഷിക നിയമങ്ങൾ റദ്ദാക്കിയെങ്കിലും സ്വകാര്യ കമ്പനികൾക്ക് കൂടുതൽ ഇടം നൽകാനായി കാർഷിക മേഖലയിലെ പൊതു ഇടപെടൽ കുറക്കാൻ സർക്കാർ ശ്രമം തുടരുകയാണെന്നും ജയ്റാം രമേശ് ആരോപിച്ചു.

Tags:    
News Summary - Lakhimpur Kheri-Farmers without justice even on first anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.