കുംഭമേളയിലെ തിക്കിലുംതിരക്കിലും മരിച്ചത് 37 അല്ല, 82 പേർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളക്കിടെ തിക്കിലുംതിരക്കിലും മരിച്ചവരുടെ എണ്ണം സർക്കാർ പുറത്തുവിട്ട കണക്കുകളേക്കാൾ ഏറെ കൂടുതലെന്ന് ബി.ബി.സി ഹിന്ദിയുടെ റിപ്പോർട്ട്. മൗനി അമാവാസി ദിനമായ ജനുവരി 29നുണ്ടായ നാല് ദുരന്തങ്ങളിലായി 37 പേർ മരിച്ചെന്നാണ് യു.പി സർക്കാറിന്‍റെ ഔദ്യോഗിക കണക്ക്. എന്നാൽ അന്നേദിവസം കുറഞ്ഞത് 82 പേർകൊല്ലപ്പെട്ടെന്നാണ് ബി.ബി.സിയുടെ അന്വേഷണത്തിൽ വ്യക്തമായത്.

11 സംസ്ഥാനങ്ങളിലായി നൂറിലേറെ കുടുംബങ്ങളിലാണ് അന്വേഷണവുമായി ബി.ബി.സി റിപ്പോർട്ടർമാരെത്തിയത്. ജനുവരി 29ലെ തിക്കിലും തിരക്കിലും മരിച്ചെന്ന് 82 പേരുടെ ബന്ധുക്കളാണ് വ്യക്തമായ തെളിവുകൾ കൈമാറിയത്. എന്നാൽ കൃത്യമായി തെളിവുകൾ ലഭിക്കാത്ത മരണങ്ങൾ ഇതിലുമേറെ ഉണ്ടാകാം. ഫെബ്രുവരി 19ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞ കണക്കുകൾ പ്രകാരം 30 പേർ സ്നാനഘട്ടിലും ഏഴ് പേർ മറ്റിടങ്ങളിലുമാണ് മരിച്ചത്. മരിച്ച 37 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപവീതം നൽകുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു.

ഇത്തരത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം 37 കുടുംബങ്ങൾക്ക് നേരിട്ട് ലഭിച്ചതായി ബി.ബി.സി അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് പണം എത്തുകയോ ചെക്ക് കൈമാറുകയോ ആയിരുന്നു. എന്നാൽ ഇതിനു പുറമെ 26 കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം പണമായും സർക്കാർ നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരാണ് നോട്ടുകെട്ടുകൾ കൈമാറിയത്. ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടാത്തവരുടെ കുടുംബങ്ങളാണിവ. തിക്കിലും തിരക്കിലുമല്ല, അസുഖ ബാധിതരായി മരിച്ചതാണെന്ന് രേഖപ്പെടുത്തി ഒപ്പിടാൻ നിരവധിപേരെ അധികൃതർ നിർബന്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഇവർക്ക് പുറമെ സംഭവത്തിൽ മരിച്ച മറ്റ് 19 പേരുടെ കുടുംബങ്ങളെയും ബി.ബി.സി കണ്ടെത്തി. ഇവരിൽ ആർക്കും സർക്കാർ സഹായം ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മരണ സർട്ടിഫിക്കറ്റും ദുരന്ത ഭൂമിയിലെ ചിത്രങ്ങളും ഉൾപ്പെടെയുള്ള തെളിവാണ് ഇവരിൽനിന്ന് ലഭിച്ചത്. ഇതിനു പുറമെ ദൃക്സാക്ഷികളുടെ മൊഴിയും ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു.

റിപ്പോർട്ട് പുറത്തുവന്നതോടെ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട കണക്കുകളുടെ വിശ്വാസ്യത ചോദ്യചിഹ്നമായിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ വിവരം പുറത്തുവിടാത്തത് സർക്കാറിന്‍റെ സുതാര്യതയെയും ചോദ്യംചെയ്യുന്നു. അതിസുരക്ഷാ സംവിധാനങ്ങളോടെ സംഘടിപ്പിച്ച കുംഭമേളയിൽ വലിയ ദുരന്തം നടന്നത് സർക്കാർ സംവിധാനത്തിന്‍റെ കെടുകാര്യസ്ഥതയായും വിലയിരുത്തപ്പെടും. 

Tags:    
News Summary - Kumbh Mela stampede: BBC investigation reveals 82 deaths, contrasting with government's claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.