ന്യൂഡൽഹി: പ്രയാഗ്രാജിലെ മഹാകുംഭമേളക്കിടെ ജനിച്ചത് 13 കുഞ്ഞുങ്ങൾ. സെൻട്രൽ ആശുപത്രിയിലാണ് മുഴുവൻ കുഞ്ഞുങ്ങളും ജനിച്ചത്. ഇതിൽ നാല് പെൺകുട്ടികളും ഒമ്പത് ആൺകുട്ടികളും ഉൾപ്പെടുന്നു. കുംഭമേളക്കിടെ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരുകളിലും കൗതുകമുണ്ട്. കുഭ്, ഭോലേനാഥ്, ബജ്റംഗി, ജമുന, സരസ്വതി തുടങ്ങിയ പേരുകളാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. ചില കുട്ടികൾക്ക് ആശുപത്രി അധികൃതർ തന്നെ പേര് നൽകി.
പ്രയാഗ്രാജിലെ 13 ആശുപത്രികളിൽ ഒന്നാണ് സെക്ടർ രണ്ടിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ആശുപത്രി. കുംഭമേളക്കിടെയുണ്ടാവുന്ന പ്രസവകേസുകൾ ആശുപത്രിയിലേക്കാണ് കൊണ്ടു വരിക. ജനുവരി 13നാണ് കുംഭമേള ഔദ്യോഗികമായി തുടങ്ങിയതെങ്കിലും ഡിസംബർ മുതൽ തന്നെ ആളുകൾ വന്നിരുന്നു. ആശുപത്രിയുടെ പ്രവർത്തനവും ഡിസംബറിൽ തുടങ്ങിയിരുന്നു.
ഡിസംബർ 29ാം തീയതി കൗസുംഭിയിൽ നിന്നെത്തിയ സോനം എന്ന യുവതിയാണ് ഇവിടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിന് കുംഭ് എന്ന് പേരിടുകയും ചെയ്തു. കുംഭമേളക്കിടെ ജനിച്ച ആദ്യ കുഞ്ഞിനെ അഭിനന്ദിച്ച് യു.പി ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പതക് രംഗത്തെത്തുകയും ചെയ്തിരുന്നു.
കുംഭമേളക്കിടെ കുഞ്ഞുങ്ങൾ ജനിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് ചിലർ വിശ്വസിക്കുന്നു. അതുകൊണ്ട് ഗർഭിണികളായവർ കുംഭമേളക്കിടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ആഗ്രഹിക്കാറുണ്ടെന്ന് സെൻട്രൽ ആശുപത്രിയിലെ മേട്രൺ രമാ സിങ് പറയുന്നു. കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയവരിൽ കുംഭമേളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. തങ്ങൾ ആദ്യമായി ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് കുംഭ് എന്ന് പേര് നൽകി. ആശുപത്രിയിൽ ജനിച്ച കുട്ടികളിലൊരാൾക്ക് കുംഭ്-2 എന്ന പേര് വരെ നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.