900 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ നീണ്ട അവധിക്കാരില്‍ 900 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. 89 ദിവസത്തിലധികം തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തവര്‍ ഡിസംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തില്ളെങ്കില്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുമെന്ന് സി.എം.ഡി എം.ജി. രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. നിശ്ചിതസമയം അവസാനിക്കവേ 1,200 ദീര്‍ഘാവധിക്കാരില്‍ 300 പേര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി 900 പേരെ പിരിച്ചുവിടാനാണ് തീരുമാനം. മുഴുവന്‍പേര്‍ക്കും യൂനിറ്റ് ഓഫിസര്‍മാര്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.

യൂനിറ്റ് അധികാരിക്ക് അനുവദിക്കാവുന്ന പരമാവധി ലീവ് പരിധിയാണ് 89 ദിവസം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പലരും ഈ ലീവ് തരപ്പെടുത്തുന്നത്. ഇങ്ങനെ അവധിയെടുത്ത് വിദേശത്തടക്കം ജോലിചെയ്യുന്നവരുണ്ടെന്നാണ് വിവരം. 89 ദിവസത്തെ ലീവിന് ശേഷം അടുത്തദിവസം ജോലിക്കത്തെി വീണ്ടും ദീര്‍ഘാവധിയെടുത്ത് പോകുന്നവരുമുണ്ട്.

ഇത്തരത്തില്‍ ലീവ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാല്‍ യൂനിറ്റ് അധികാരിക്ക് അനുവദിക്കാവുന്ന പരമാവധി ലീവ് 89 ദിവസത്തില്‍നിന്ന് 15 ദിവസമായി വെട്ടിക്കുറച്ചിട്ടുണ്ട്. 15 ദിവസത്തില്‍കൂടുതല്‍ അവധി ആവശ്യമുള്ള ജീവനക്കാര്‍ ചീഫ് ഓഫിസില്‍നിന്ന് അനുമതിവാങ്ങണമെന്നാണ് നിബന്ധന. ഈ നിര്‍ദേശം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലും വന്നു.

ശമ്പളം ഒഴികെ മറ്റ് ആനുകൂല്യങ്ങളെല്ലാം ലഭിക്കും. സ്ഥാനക്കയറ്റത്തെയും അവധി ബാധിക്കാറില്ല. കണ്ടക്ടര്‍-ഡ്രൈവര്‍ വിഭാഗങ്ങളിലുള്ളവരാണ് ഇവരില്‍ കൂടുതലും. പെന്‍ഷന് അര്‍ഹത നേടുംവരെ ജോലിയില്‍ തുടരുകയും പിന്നീട് ലീവെടുക്കുകയുമാണ് ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ മിനിമം പെന്‍ഷന് ഒരുവര്‍ഷവും പൂര്‍ണ പെന്‍ഷന് 10 വര്‍ഷവും സര്‍വിസ് വേണമെന്നാണ് വ്യവസ്ഥ. മിനിമം പെന്‍ഷനുള്ള യോഗ്യതനേടിയ ശേഷം ദീര്‍ഘാവധിയിലുള്ളവരാണ് കൂടുതലും.

 

News Summary - ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.