കോപര്‍ഡി കൂട്ടബലാൽസംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയിലെ പ്രമാദമായ കോപര്‍ഡി കൂട്ടബലാൽസംഗ- കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ, സന്തൊഷ് ഗോരഖ് ഭവാല്‍, നിതിന്‍ ഗോപിനാഥ് ഭൈലുമെ എന്നിവര്‍ക്കാണ് ബുധനാഴ്ച അഹമദ്നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെ ശിക്ഷ വിധിച്ചത്. കഴിഞ്ഞ 18 ന് മൂവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 

സംസ്ഥാനത്ത് മറാത്താ പ്രക്ഷോഭത്തിന് കാരണമായ കൂട്ടബലാൽസംഗ കൊലക്കേസാണിത്. കൊല്ലപ്പെട്ടത് മറാത്ത പെണ്‍കുട്ടിയും പ്രതികള്‍ ദളിത് സമുദായക്കാരുമായതാണ് പ്രക്ഷോഭത്തിന് കാരണം. 

2016 ജൂലൈ 13നാണ് മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിലെ കോപാർഡി ഗ്രാമത്തിലാണ് കേസിനാസ്പദമയ ദാരുണ സംഭവം നടന്നത്. മുത്തച്ഛനെ കണ്ട് മടങ്ങിയ 15കാരിയെ മുഖ്യപ്രതിയായ ജിതേന്ദ്ര ഷിൻഡെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം ഇയാൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു. 

ഡൽഹിയിലെ നിർഭയയെക്കാൾ ക്രൂരമായ രീതിയിലാണ് പ്രതികൾ 15കാരിയെ പീഡിപ്പിച്ചത്. ഇവർ പെൺകുട്ടിയുടെ തലമുടി പറിച്ചെടുക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. ശരീരം മുഴുവൻ മർദനമേറ്റതിന്‍റെ പാടുകൾ ഉണ്ടായിരുന്നു. തോളെല്ലെുകൾ പൊട്ടിയിരുന്നു. കഴുത്തുഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഉജ്ജ്വല്‍ നികം ആണ് കേസില്‍ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍. മറാത്ത സമുദായക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് നികമിനെ സര്‍ക്കാര്‍ നിയോഗിച്ചത്. 

Tags:    
News Summary - Kopardi rape-murder: Ahmednagar court to pronounce verdict on November 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.