മംഗളൂരു: ഗണേശ ഉത്സവ സീസണിൽ യാത്രക്കാരുടെ ആവശ്യം പ്രതീക്ഷിച്ചതിലും കുറവായതിനാൽ ഈ വർഷം സ്വകാര്യ കാറുകളുടെ റോൾ-ഓൺ റോൾ-ഓഫ് (റോ-റോ) സർവീസ് നടത്തേണ്ടതില്ലെന്ന് കൊങ്കൺ റെയിൽവേ തീരുമാനിച്ചു. പകരം മുംബൈക്കും കൊങ്കൺ മേഖലക്കും ഇടയിലുള്ള ഉത്സവത്തിരക്ക് നിയന്ത്രിക്കുന്നതിന് 'ഗണപതി സ്പെഷ്ൽ' ട്രെയിനുകൾ കൂടുതൽ ഓടിക്കും. യാത്രക്കാരുള്ള കാറുകളും ചരക്ക് കയറ്റിയ ലോറികളും ട്രെയിനിൽ കൊണ്ടുപോകുന്നതിനായി രൂപകൽപന ചെയ്ത റോ-റോ സർവിസ് കൊങ്കൺ റെയിൽവേയുടെ വലിയ ആകർഷണമാണ്. എന്നാൽ ഈ സീസണിൽ പ്രതീക്ഷിച്ചത്ര കാർ യാത്രക്കാരുടെ പ്രതികരണം ലഭിച്ചില്ലെന്ന് കൊങ്കൺ റെയിൽവേ മാനേജിങ് ഡയറക്ടർ സന്തോഷ് കുമാർ ഝാ പറഞ്ഞു.
ഗണേശ ഉത്സവകാലത്ത് കൊങ്കൺ മേഖലയിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ വാഹനങ്ങൾ കൊണ്ടുപോകുന്ന റോ-റോ സർവീസ് വിന്യസിക്കുന്നതിനുപകരം പാസഞ്ചർ ട്രെയിൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം. തിരക്ക് കുറക്കുക, യാത്രാ ശേഷി മെച്ചപ്പെടുത്തുക, ഉത്സവ ദിവസങ്ങളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു
മണ്ണിടിച്ചിൽ, പാറക്കെട്ടുകൾ വീഴൽ, മറ്റ് പ്രകൃതി തടസ്സങ്ങൾ എന്നിവ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നൂതന സാങ്കേതികവിദ്യ കൊങ്കൺ റെയിൽവേ ഈ മഴക്കാലത്ത് അവതരിപ്പിക്കുന്നുണ്ടെന്ന് ഝാ അറിയിച്ചു . ട്രാക്ക് അപകടങ്ങൾ തത്സമയം കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത നിരീക്ഷണ സാങ്കേതികവിദ്യ റെയിൽവേ ആദ്യമായി വിന്യസിച്ചു. ദാസ്ഗാവ് സ്റ്റേഷന് സമീപമുള്ള തുരങ്കത്തിനടുത്താണ് അത്യാധുനിക റെയിൽ ട്രാക്ക് നിരീക്ഷണ, മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്.
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്) വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന് റെയിൽവേ ട്രാക്കുകളിലെ ചെറിയ തടസ്സങ്ങൾ പോലും കണ്ടെത്തി ഉടൻ കൺട്രോൾ റൂമിലേക്ക് അലേർട്ടുകൾ കൈമാറാൻ കഴിയും.ഈ സംവിധാനം നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയിച്ചാൽ കൊങ്കൺ റെയിൽവേ ശൃംഖലയിലുടനീളമുള്ള മറ്റ് നിർണായക തുരങ്കങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീഴുന്ന പാറകൾ, വിള്ളലുകൾ, വീണ മരങ്ങൾ, മണ്ണിടിച്ചിൽ എന്നിവ ട്രാക്ക് ചെയ്യുന്നതിനും വന്യജീവികളുടെയോ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെയോ ചലനം കണ്ടെത്തുന്നതിനും ഈ സംവിധാനത്തിന് കഴിയും. ട്രാക്കുകളിലെ സംശയാസ്‌പദമായതോ അസാധാരണമോ ആയ പ്രവർത്തനങ്ങൾ തിരിച്ചറിയാനും കൺട്രോൾ റൂം ഓപ്പറേറ്റർമാരെ അറിയിക്കാൻ തൽക്ഷണ അലാറങ്ങൾ പ്രവർത്തിപ്പിക്കാനും ഇതിന് സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.