കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെയും സഹമന്ത്രി ബാഘേലിനെയും മാറ്റി, പുതിയ ചുമതല അർജുൻ രാം മെഗ്‍വാളിന്

ന്യൂഡൽഹി: കാബിനറ്റ് മന്ത്രിയെയും സഹമന്ത്രിയെയും അപ്രധാന വകുപ്പിലേക്ക് തള്ളി നിയമ മന്ത്രാലയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുദ്ധികലശം. സുപ്രീംകോടതിയുമായി ഏറ്റുമുട്ടൽ പതിവാക്കിയ കാബിനറ്റ് മന്ത്രി കിരൺ റിജിജുവിനെ ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് ഒതുക്കിയത്. ചില മുസ്ലിംകളുടെ മതേതര മുഖംമൂടി ഗവർണർ പദവിക്കും മറ്റും വേണ്ടിയാണെന്ന് പറഞ്ഞ നിയമ സഹമന്ത്രി സത്യപാൽസിങ് ബാഘേൽ ഇനി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൽ.

പാർലമെന്‍ററികാര്യ, സാംസ്കാരിക വകുപ്പുകളുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന അർജുന്‍ റാം മേഘ്വാളിന് നിയമ മന്ത്രാലയത്തിന്‍റെ കൂടി ചുമതല നൽകി. രണ്ടാം മോദിസർക്കാറിന്‍റെ നാലു വർഷത്തിനിടയിൽ മൂന്നാമത്തെ നിയമമന്ത്രിയാണ് മേഘ്വാൾ. രവിശങ്കർ പ്രസാദിനെ മാറ്റി കിരൺ റിജിജുവിന് നിയമമന്ത്രി സ്ഥാനം നൽകിയതും അസാധാരണ നടപടിയായിരുന്നു. സുപ്രധാനമായ നിയമവകുപ്പ് കാബിനറ്റ് പദവിയില്ലാത്ത മന്ത്രി ഇപ്പോൾ കൈകാര്യം ചെയ്യുന്നതും അസാധാരണം.

സുപ്രീംകോടതിയെയും ജഡ്ജിമാരെയും നീതിനിർവഹണത്തെയും കിരൺ റിജിജു അതിരുവിട്ട് അടിക്കടി വിമർശിച്ചത് സർക്കാർ-നിതീപിഠ സംഘർഷത്തിന്‍റെ പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാൽ, റിജിജുവിന്‍റെ മാറ്റത്തിന് അതു മാത്രമല്ല കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗവും പിന്നാക്ക വിഭാഗക്കാരനുമാണ് അർജുൻ റാം മേഘ്വാൾ.

അദ്ദേഹത്തിന് അധികപദവി നൽകുക വഴി രാജസ്ഥാനിൽ വസുന്ധര രാജെക്ക് ബദലായി ബി.ജെ.പി പുതിയൊരു മുഖ്യമന്ത്രി സ്ഥാനാർഥി മുഖം രൂപപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന് സൂചനകളുണ്ട്. നിയമ മന്ത്രാലയത്തിൽ വ്യാഴാഴ്ച തന്നെയെത്തി മേഘ്വാൾ ചുമതലയേറ്റ ശേഷം മാത്രമാണ് സത്യപാൽ സിങ്ങിനെ ആരോഗ്യ മന്ത്രാലയത്തിലേക്ക് മാറ്റി വിജ്ഞാപനം ഇറക്കിയത്. 

Tags:    
News Summary - Kiren Rijiju Out As Law Minister, Arjun Ram Meghwal Replaces Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.