വൃക്കദിനത്തില്‍ പുതുച്ചേരിയില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ലോക വൃക്കദിനത്തില്‍ പുതുച്ചേരിയില്‍ മൂന്ന് വൃക്ക രോഗികള്‍ ഡയാലിസിസിനിടെ വൈദ്യുതിനിലച്ച് ദാരുണമായി മരണപ്പെട്ടു. പുതുച്ചേരി ഇന്ദിര ഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് റിസര്‍ച്ച് ഇന്‍സിറ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ച്ച ഉച്ചക്ക്  പതിനൊന്ന് മണിക്കാണ് സംഭവം. പുതുച്ചേരി കദിര്‍കമം സ്വദേശി സുശീല (73), വീമന്‍ നഗറിലെ അംസ (55), മുതിരപാളയം ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തതായി പുതുച്ചേരി ആരോഗ്യ കുടുംക്ഷേമ വകുപ്പ് ഡയറക്ടര്‍ കെ.വി. രാമന്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. കടുത്ത വൃക്കരോഗികളായ മൂന്നുപേരും ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്തിരുന്നു. ആശുപത്രിയിലെ മൂന്ന് ഡയാലിസിസ് യന്ത്രങ്ങളില്‍ ഇവരുടെ രക്തം ശുദ്ധീകരിക്കവെ വ്യാഴാഴ്ച്ച ഉച്ചക്ക് പെട്ടെന്ന് വൈദ്യുതി തടസ്സപ്പെടുകയും പ്രവര്‍ത്തനവും നിലക്കുകയുമായിരുന്നു.

പകരമുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിച്ച് വൈദ്യുതി എത്തിക്കുന്നതില്‍ ഏഴ്മിനിറ്റ് താമസം നേരിട്ടു. ഇതിനിടെ രോഗികള്‍ ഗുരുതരാവസ്ഥയിലായി സുശീലയും അംസയും ഉടന്‍ മരണപ്പെട്ടു.  അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഗണേശനും മരിച്ചു. ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം ഉയര്‍ത്തി. സംഘര്‍ഷത്തിനിടെ ആശുപത്രിയിലെ ജനല്‍ ഗ്ളാസുകളും മറ്റും അടച്ചു തകര്‍ത്തു. വൈദ്യുതി നിലച്ചാലും 15-20 മിനിറ്റുവരെ ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ടെന്നും രോഗികളുടെ മരണകാരണം വൈദ്യുതിനിലച്ചതാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും ഡയറക്ടര്‍ കെ.വി. രാമന്‍ പറഞ്ഞു.

Tags:    
News Summary - kidney patients died in dialysis at kidney days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.