ഖർഗോൻ സംഘർഷം; ഇടിച്ചുനിരത്തിയത് മുസ്‍ലിംകളുടെ വീടുകൾ

ഭോപാൽ: മധ്യപ്രദേശിലെ ഖർഗോനിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് അധികൃതർ ഇടിച്ചുനിരത്തിയത് മുസ്‍ലിംകളുടെ മാത്രം കെട്ടിടങ്ങളെന്ന് ആരോപണം. സംഘർഷത്തിന് ഉത്തരവാദികൾ എന്ന് ആരോപിച്ചാണ് കെട്ടിടങ്ങൾ നിയമവിരുദ്ധമായി പൊളിച്ചത്. 50 ലേറെ കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ ആശീർവാദത്തോടെയായിരുന്നു നടപടി.

പൊലീസ് സംരക്ഷണത്തിൽ ബുൾഡോസറുകൾ കൊണ്ട് കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങൾ പൊളിക്കാനുള്ള ഔദ്യോഗിക ഉത്തരവ് ആവശ്യപ്പെട്ട സമുദായ നേതാക്കളെ പൊലീസ് ആക്രമിക്കുകയും ചെയ്തു. സംഘർഷത്തിൽ അന്വേഷണം നടക്കുകയോ പ്രതികളെന്ന് കണ്ടെത്തുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ കെട്ടിടങ്ങൾ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ആസാദ് നഗറിലെ പ്രധാന പള്ളിക്ക് സമീപം നിന്ന് നിരവധി മുസ്‍ലിം യുവാക്കളെ പൊലീസ് പിടികൂടി കൊണ്ടുപോയെന്നും പ്രദേശവാസികൾ പറയുന്നു.

20 മുസ്‍ലിം പേരുകൾ രേഖപ്പെടുത്തിയ സ്ലിപ് പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇവരുടെ വീടുകൾ തകർക്കപ്പെടുമെന്നായിരുന്നു സന്ദേശം. വീടുകൾ മുഴുവൻ തകർക്കുമെന്നും അവയെ കൽകൂനക്കളാക്കി മാറ്റുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു.

തലാബ് ചൗക്കിലെ ജുമാമസ്ജിദിന് സമീപത്തെ മന്ദിര സമുച്ചയം തകർക്കാനും പൊലീസ് എത്തിയിരുന്നു. കടകളുടെ ഷട്ടറുകൾ തകർത്ത് അകത്തുകയറിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. പിന്നീട് കൂടുതൽ പൊലീസുമായി തിരിച്ചെത്തിയ സംഘം കടകൾ തകർക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.  

Tags:    
News Summary - Khargon conflict; The houses of the Muslims were demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.