ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തിൽ കുളുവിൽ

നടന്ന കോൺഗ്രസ് റാലി

മുഖ്യമന്ത്രി സ്ഥാനാർഥികൾ ഏറെയുള്ളത് ശക്തിയെന്ന് ഖാർഗെ

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാണിക്കാതെയാണ് കോൺഗ്രസ് പോരിനിറങ്ങുന്നത്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുണ്ടെന്നും പാർട്ടിയുടെ ദൗർബല്യമല്ല ശക്തിയാണിതെന്നുമാണ് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വാദം.

മുഖ്യമന്ത്രിയാകാൻ പറ്റുന്ന നിരവധി നേതാക്കളുണ്ട്. മുഖ്യമന്ത്രി ജയ്റാം ഠാകൂർ 'തോൽവി'യായതിനാലാണ് ഭരണകക്ഷിയായ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടുന്നത്. സ്ഥാനാർഥിക്കല്ല തനിക്കാണ് വോട്ട് ചെയ്യേണ്ടതെന്നാണ് മോദി പറയുന്നതെന്ന് ഖാർഗെ വാർത്ത ഏജൻസിയായ പി.ടി.ഐയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ഹിമാചലിലെ ജനങ്ങളെ ചെറുതാക്കിക്കാണിക്കുന്ന മനോഭാവമാണിത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രധാനമന്ത്രി സംസ്ഥാനത്തുണ്ടാകില്ലെന്ന് ജനങ്ങൾക്കറിയാമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

അധ്യക്ഷപദവിയിലെത്തിയ ശേഷം ഖാർഗെയുടെ ആദ്യ തെരഞ്ഞെടുപ്പ് വെല്ലുവിളിയാണ് ഹിമാചലിലേത്. കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തുമെന്നാണ് ഖാർഗെയുടെ ഉറച്ച വിശ്വാസം. 1980ന് ശേഷം ഹിമാചലിൽ ഭരണത്തുടർച്ചയുണ്ടായിട്ടില്ല. 'ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.

കൂട്ടായ നേതൃത്വമാണ് പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിക്കുന്നത്. ഭരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് ഒന്നും പറയാനില്ല. അതിനാലാണ് മറ്റ് വിഷയങ്ങളിൽ കോൺഗ്രസിനെ തുടർച്ചയായി ആക്രമിക്കുന്നത്. ജനങ്ങളിൽ പൂർണമായ വിശ്വാസമാണ് പാർട്ടിക്ക്. ജയിക്കാനായി പൊരുതുകയാണ്. ഹിമാചലുകാർ എല്ലാം തീരുമാനിച്ചിട്ടുണ്ട്'- ഖാർഗെ പറഞ്ഞു.

തൊഴിലില്ലായ്മ നിർമാർജനവും പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരലുമടക്കം വാഗ്ദാനങ്ങൾ പാലിക്കും. രാജസ്ഥാനിലും ഛത്തിസ്ഗഢിലും ജനസൗഹൃദമായ പദ്ധതികൾ പാർട്ടി ഭരണത്തിൽ നടത്തുന്നുണ്ട്. ബി.ജെ.പി ഭരണത്തിൽ സംതൃപ്തരാണോയെന്ന് ജനങ്ങൾ വിലയിരുത്തി തീരുമാനിക്കട്ടെ.

അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും ഹിമാചലിൽ ജനജീവിതം ദുരിതമാക്കിയെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പൊലീസിനെയും സർവകലാശാല പ്രഫസർമാരെയും നിയമിക്കുന്നതിൽ മുതൽ പി.പി.ഇ കിറ്റ് നിർമാണത്തിൽ വരെ അഴിമതിയാണ്.

എട്ട് ലക്ഷം യുവാക്കൾക്ക് സംസ്ഥാനത്ത് തൊഴിലില്ലെന്ന് ഖാർഗെ പറഞ്ഞു. 63,000 സർക്കാർ ജോലികൾ ഒഴിഞ്ഞുകിടക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയും പി.സി.സി പ്രസിഡന്റുമായ പ്രതിഭ സിങ്, നിയമസഭ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രി, മുൻ പി.സി.സി പ്രസിഡന്റ് സുഖ്‍വിന്ദർ സിങ് സുഖു എന്നിവരാണ് കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്ന പ്രമുഖർ. 68 അംഗ നിയമസഭയിലേക്ക് നാളെ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - Kharge said that most of the chief ministerial candidates have strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.