രണ്ട്​ വർഷത്തേക്ക്​ നിയമിച്ച്​​​ ആജീവനാന്ത പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളം -സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ മ​ന്ത്രിമാരുടെ പേഴ്​സണൽ സ്റ്റാഫ്​ പെൻഷനെതിരെ ആഞ്ഞടിച്ച്​ സുപ്രീംകോടതി. രണ്ട്​ വർഷത്തേക്ക്​ നിയമനം നൽകി അവർക്ക്​ ആജീവനാന്തം പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് കോടതി​ കുറ്റപ്പെടുത്തി. അതിന്​ കേരള സർക്കാറിന്​ കഴിയുമെങ്കിൽ കെ.എസ്​.ആർ.ടി.സിക്ക്​ ഡീസൽ വാങ്ങുമ്പോൾ വിപണിവിലയേക്കാൾ കൂടുതൽ പണം കൊടുക്കാൻ എന്തുകൊണ്ട്​ കഴിയില്ലെന്നും ജസ്റ്റിസുമാരായ അബ്​ദുൽ നസീറും കൃഷ്ണ മുരാരിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച്​ രോഷത്തോടെ ചോദിച്ചു.

ഡീസൽ മൊത്തമായി വാങ്ങുന്ന കെ.എസ്​.ആർ.ടി.സി പോലുള്ള കമ്പനികളിൽനിന്ന്​ വിപണി വിലയേക്കാൾ ലിറ്ററിന്​ ഏഴ്​ രൂപ വരെ കൂടുതൽ വാങ്ങുന്ന​ത്​ അവസാനിപ്പിക്കണമെന്നും വില നിർണയിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര സമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാറിന്​ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട്​ കെ.എസ്​.ആർ.ടി.സി സമർപ്പിച്ച ഹരജി തള്ളിയാണ്​ ബെഞ്ച്​ മന്ത്രിമാരുടെ പേഴ്​സണൽ സ്റ്റാഫിന്​ ആജീവനാന്ത പെൻഷൻ നൽകുന്ന കേരള സർക്കാറിനെതിരെ ആഞ്ഞടിച്ചത്​.

വിപണി വിലയേക്കാൾ ഡീസലിന്​ ഏഴ്​ രൂപ കൂടുതലാണ്​ കെ.എസ്​.ആർ.ടി.സിയിൽനിന്ന്​ ഈടാക്കുന്നതെന്ന്​ മുതിർന്ന അഭിഭാഷകൻ അഡ്വ. വി. ഗിരി ബോധിപ്പിച്ചപ്പോൾ, 'എന്തിനാണിവിടെ വന്നിരിക്കുന്നതെന്നും ഇത്​ കേരളമല്ലേ' എന്നും ജസ്റ്റിസ്​ അബ്​ദുൽ നസീർ ചോദിച്ചു. ഹൈകോടതി തീരുമാനിക്കട്ടെ എന്നും അവർക്കിത്​ കൈകാര്യം ചെയ്യാൻ അറിയാം എന്നും അവിടെ കേസ്​ ഫയൽ ചെയ്​​തോളൂ എന്നും ജസ്റ്റിസ്​ നസീർ പറഞ്ഞു.

തുടർന്നാണ്​ ഇന്ത്യൻ എക്സ്​പ്രസിലെ റിപ്പോർട്ട്​ പരാമർശിച്ച്​ മന്ത്രിമാർ രണ്ട്​ വർഷത്തേക്ക്​ നിയമിക്കുന്നവർക്ക്​ ആജീവനാന്തം മുഴുവൻ പെൻഷനും നൽകുന്ന ഏക സംസ്ഥാനമാണ് ഇതെന്ന്​ ​അഡ്വ. ഗിരിയോട്​ ജസ്റ്റിസ്​ നസീർ പറഞ്ഞത്​. ഇന്നത്തെ ഇന്ത്യൻ എക്സ്​പ്രസ്​ വായിച്ചുവെന്ന്​ നിങ്ങളുടെ സർക്കാറിനോട്​ പറഞ്ഞേക്കൂ എന്നും അദ്ദേഹം തുടർന്നു.

''രണ്ട്​ വർഷത്തേക്ക്​ നിയമനം ലഭിച്ച വ്യക്​തിക്ക്​​ ജീവിതകാലം മുഴുവൻ പെൻഷൻ കൊടുക്കുന്ന ഏക സംസ്ഥാനമാണ്​ നിങ്ങളുടേത്​. അതിന്​ കേരള സർക്കാറിന്​ കഴിയുമെങ്കിൽ ഇതിനും (ഡീസലിന്​ അധിക വില കൊടുക്കാനും) എന്തുകൊണ്ട്​ കഴിയില്ലേ? ​കേരളത്തിലെ ഉന്നതാധികാരികൾ പറഞ്ഞത്​ ഇക്കാര്യം സർക്കാറിനോട്​ പറഞ്ഞേക്കൂ എന്നാണ്​. ഇന്ന്​ ഇന്ത്യൻ എക്സ്​പ്രസ് റിപ്പോർട്ട്​ ചെയ്തതാണിത്​''- ജസ്റ്റിസ്​ നസീർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Kerala is the only state to appoint a two-year lifetime pension -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.