‘സമഗ്ര പരിഷ്കാരങ്ങൾക്ക് പോരാട്ടം തുടരും’; 16 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് ദേവേന്ദ്രനാഥ് മഹതോ

റാഞ്ചി: ഝാർഖണ്ഡിലെ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹതോ 16 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷയും സ്വകാര്യ ഏജൻസിയായ ടി.ഡി.പി.എൽ (ടി.എസ്.ആർ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ്) നടത്തിയ മറ്റ് നിയമന പരീക്ഷകളും റദ്ദാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

റാഞ്ചിയിലെ സദർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവേന്ദ്രനാഥ് മഹതോയെ സന്ദർശിച്ച മന്ത്രിമാരായ ദീപിക പാണ്ഡെ സിങ്, ഇർഫാൻ അൻസാരി എന്നിവർ ജ്യൂസ് നൽകിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. സമര നേതാക്കളായ ഉമ്മെ ഹബീബ, രാഹുൽ ക്രാന്തി എന്നിവരും നിരാഹാരം അവസാനിപ്പിച്ചു.

ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷന്റെ ജെ.എസ്.എസ്.സി -സി.ജി.എൽ പരീക്ഷ റദ്ദാക്കാനും ടി.ഡി.പി.എൽ നടത്തിയ എല്ലാ നിയമന പരീക്ഷകളും റദ്ദാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. 2014 മുതൽ സംസ്ഥാനത്ത് നടന്ന വിവിധ നിയമന പരീക്ഷകളിലെ ക്രമക്കേടുകളും പരിശോധിക്കാൻ സി.ഐ.ഡി​യോട് നിർദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട്, ജെ.പി.എസ്‌.സി (ഝാർഖണ്ഡ് പബ്ലിക് സർവീസ് കമീഷൻ), ജെ.എസ്‌.എസ്‌.സി സി.ജി.എൽ (ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ) പരീക്ഷകൾ ഉൾപ്പെടെ എല്ലാ പരീക്ഷകളും സർക്കാർ ജോലികൾക്കായുള്ള നിയമനങ്ങളും റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. നിലവിലുള്ള സി.ഐ.ഡി, എസ്.ഐ.ടി അന്വേഷണങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതായും നിരവധി കമ്പനികൾ ഉൾപ്പെട്ട വലിയ പരീക്ഷാ ക്രമക്കേട് ശൃംഖലയെക്കുറിച്ച് സൂചന ലഭിച്ചതായും ഹേമന്ത് സോറൻ പറഞ്ഞു. സർക്കാരിന്റെ തീരുമാനം ‘ഝാർഖണ്ഡിന്റെ വലിയ വിജയം’ എന്നാണ് ദേവേന്ദ്രനാഥ് മഹതോ വിശേഷിപ്പിച്ചത്. പരീക്ഷാ സംവിധാനത്തിൽ അഴിമതിയും ചോദ്യപേപ്പർ ചോർച്ചയും ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനിർമാണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ദേവേന്ദ്രനാഥ് മഹതോ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും പരീക്ഷാ സംവിധാനത്തിലെ സമഗ്ര പരിഷ്കാരങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഓരോ പരീക്ഷയും നിരീക്ഷിക്കുകയും ഓരോ ഘട്ടത്തിലും ഓഡിറ്റ് നടത്തുകയും ചെയ്യുന്ന സംവിധാനം വേണമെന്നാണ് ദേവേന്ദ്രനാഥ് മഹതോയുടെ ആവശ്യം. ഉദ്യോഗാർഥികളുടെ ഭാവി സംരക്ഷിക്കുന്ന തരത്തിലുള്ള സ്ഥിരമായ പരിഷ്കാരങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സമരം പൂർണമായി അവസാനിച്ചിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗാർഥി നേതാക്കളുടെ നിലപാട്. റദ്ദാക്കിയ പരീക്ഷകളിലെ ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം. സർക്കാർ പരീക്ഷകൾ റദ്ദാക്കിയെങ്കിലും ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. 

Tags:    
News Summary - Jharkhand Student Leader Devendra Nath Mahto Ends Hunger Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.