ഡൽഹി സർവകലാശാലയിൽ പ്രഫസറെ തല്ലിയ പി.എച്ച്.ഡി വിദ്യാർഥിക്ക് സസ്പെൻഷൻ; കാമ്പസിൽ പ്രവേശന വിലക്ക്

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ നിയമവിഭാഗം പി.എച്ച്.ഡി ഗവേഷക വിദ്യാർഥി പ്രഫസറെ മർദിച്ചതായി ആരോപണം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ സർവകലാശാല വിദ്യാർഥിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേ​ർപ്പെടുത്തുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ 10.30ഓടെ ഉമാങ് ഭവനിലാണ് സംഭവം. വിദ്യാർഥി പ്രൊഫസറെ അടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതായി സർവകലാശാല അധികൃതർ അറിയിച്ചു. സംഭവത്തിൽ വിദ്യാർഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനൊപ്പം വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചു.

2024-25 അധ്യയന വർഷത്തിലെ രണ്ടാം ഘട്ടത്തിൽ ഡൽഹി സർവകലാശാലയിലെ നിയമവിഭാഗത്തിൽ പി.എച്ച്.ഡി പ്രവേശനം നേടിയ വിദ്യാർഥിക്കെതിരെയാണ് നടപടി. സർവകലാശാല പ്രോക്ടർ പുറത്തിറക്കിയ ഉത്തരവിൽ നിയമവിഭാഗത്തിൽനിന്ന് ഉടൻ പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്യുന്നതായി വ്യക്തമാക്കി. ഇതോടൊപ്പം ഡൽഹി സർവകലാശാല പരിസരത്തേക്കുമുള്ള വിദ്യാർഥിയുടെ പ്രവേശനവും വിലക്കി. സർവകലാശാല നിയമത്തിലെ ഓർഡിനൻസ് 15 ബി പ്രകാരമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിച്ചു. കെമിസ്ട്രി വിഭാഗത്തിലെ രാജീവ് ഗുപ്തയാണ് സമിതി അധ്യക്ഷൻ. ചരിത്രവിഭാഗത്തിലെ വിപുൽ സിങ്, ഹിന്ദി വിഭാഗത്തിലെ സുധ സിങ് എന്നിവരാണ് മറ്റ് അംഗങ്ങൾ. സംഭവത്തിന്റെ മുഴുവൻ വസ്തുതകളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.

സർവകലാശാലക്ക് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നടപടി സ്വീകരിച്ചതെന്ന് പ്രോക്ടർ മനോജ് കുമാർ സിങ് അറിയിച്ചു. ദൃശ്യങ്ങളിൽ വിദ്യാർഥി പ്രഫസറെ അടിക്കുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തായിരുന്നുവെന്നും വിദ്യാർഥിയും അധ്യാപകനും തമ്മിൽ നേരത്തെ എന്തെങ്കിലും തർക്കമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ സമിതി പരിശോധിക്കും. സർവകലാശാലയുടെ തുടർനടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - DU PhD Scholar Slaps Professor Suspended and Banned From Campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.