ബാസിത്ത് അലി, താരിഖ് മൻസൂർ

അബ്ദുല്ലക്കുട്ടിക്ക് ശേഷം ബി.ജെ.പി നേതൃത്വത്തിൽ യു.പിയിലെ രണ്ട് മുസ്‌ലിം നേതാക്കൾ; ആരാണ് താരിഖ് മന്സൂറും ബാസിത്ത് അലിയും?

ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയിലെ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാനും സമുദായത്തിലേക്ക് കൂടുതൽ സ്വാധീനം വ്യാപിപ്പിക്കാനുമുള്ള നീക്കങ്ങളുമായി ഭാരതീയ ജനതാ പാർട്ടി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രഖ്യാപിച്ച പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ ഉത്തർപ്രദേശിൽ നിന്നുള്ള മുസ്‌ലിം നേതാക്കളായ പ്രൊഫസർ താരിഖ് മൻസൂറിനും കൺവർ ബാസിത് അലിക്കും സുപ്രധാന ചുമതലകളാണ് നൽകിയിരിക്കുന്നത്.

പുതിയ പുനഃസംഘടനയിൽ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ പ്രൊഫസർ താരിഖ് മൻസൂറിനെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തി. അതേസമയം, ഉത്തർപ്രദേശ് ബിജെപി ന്യൂനപക്ഷ മോർച്ച അധ്യക്ഷനായിരുന്ന കൺവർ ബാസിത് അലിയെ പാർട്ടിയുടെ ദേശീയ ന്യൂനപക്ഷ മോർച്ചയുടെ പുതിയ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

പ്രൊഫസർ താരിഖ് മൻസൂർ

ബിജെപി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന പസ്മന്ദ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള നേതാവാണ് 70-കാരനായ താരിഖ് മൻസൂർ. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ, വൈസ് ചാൻസലർ പദവിക്ക് ശേഷം ബിജെപിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ആദ്യത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം. മെഡിക്കൽ രംഗത്തും അധ്യാപന മേഖലയിലും പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള മൻസൂർ, 2017 മുതൽ 2023 വരെ അലിഗഡ് സർവകലാശാലയിൽ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. തുടർന്ന് 2023-ലാണ് ബിജെപിയിൽ ചേരുന്നതും യുപി നിയമസഭാ കൗൺസിൽ (എം.എൽ.സി) അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതും. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, ഐഐഎം ലഖ്‌നൗ ബോർഡ് ഓഫ് ഗവേണൻസ്, പത്മ അവാർഡ് നിർണയ സമിതി എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഘപരിവാർ-ബിജെപി നേതൃത്വവുമായി മികച്ച ബന്ധം പുലർത്തുന്ന മൻസൂറിന്റെ സാന്നിധ്യം മുസ്‌ലിം സമുദായത്തിലെ പ്രൊഫഷണലുകൾ, ലിബറലുകൾ, പസ്മന്ദ വിഭാഗങ്ങൾ എന്നിവർക്കിടയിലേക്ക് പാർട്ടിയെ കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

കൺവർ ബാസിത് അലി

മീററ്റ് സ്വദേശിയായ 40-കാരൻ കൺവർ ബാസിത് അലി താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് നേതൃനിരയിലേക്ക് ഉയർന്നുവന്നത്. 2011-ൽ ബിജെപി ന്യൂനപക്ഷ മോർച്ച മണ്ഡൽ അധ്യക്ഷനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹം ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിവിധ ചുമതലകൾ വഹിച്ചു. മുസ്‌ലിം രജ്പുത് വിഭാഗത്തിൽ നിന്നുള്ള ബാസിത് അലി 2021-ലാണ് യുപി ബിജെപി ന്യൂനപക്ഷ മോർച്ചയുടെ പ്രസിഡന്റായി നിയമിതനാകുന്നത്.

മദ്രസകളിൽ യോഗാ പരിപാടികൾ സംഘടിപ്പിച്ചും 'മോദി മിത്ര' ക്യാമ്പയിന് നേതൃത്വം നൽകിയും ശ്രദ്ധേയനായ ഇദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' റേഡിയോ പരിപാടികൾ ഉർദുവിലേക്ക് മൊഴിമാറ്റം ചെയ്ത് പുസ്തകരൂപത്തിൽ വിതരണം ചെയ്തതിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം വനിതകളെ ലക്ഷ്യമിട്ട് നടത്തിയ 'ശുക്രിയ മോദി ഭായ്ജാൻ' പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും ബാസിത് അലിയായിരുന്നു. മുത്തലാഖ് നിരോധന നിയമത്തെ പിന്തുണച്ച് മുസ്‌ലിം വനിതകൾക്കിടയിൽ സർക്കാരിന്റെ ക്ഷേമപദ്ധതികൾ എത്തിക്കാൻ അദ്ദേഹം വലിയ പങ്കുവഹിച്ചു.

കേരളത്തിലെ മുസ്‌ലിം സമുദായത്തിനിടയിൽ സ്വാധീനം ഉണ്ടാക്കാം എന്ന ലക്ഷ്യം വെച്ച് സിപിഎം, കോൺഗ്രസ് എന്നീ പാർട്ടികളിലൂടെ സജീവരാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി പാളയത്തിൽ എത്തിക്കുകയും ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ആ പദവികൾ നൽകിയതിലൂടെ ബിജെപി പ്രതീക്ഷിച്ച രാഷ്ട്രീയ നേട്ടം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചില്ല. കേരളത്തിലോ മലബാർ മേഖലയിലോ മുസ്‌ലിം വോട്ടുകൾ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിൽ അദ്ദേഹത്തിന് പ്രകടമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. 2021-ലെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന ബിജെപി ഘടകവുമായി താഴെത്തട്ടിൽ ശക്തമായ അടിത്തറ പണിയുന്നതിലുണ്ടായ പരിമിതികളും തിരിച്ചടിയായി. കൂടാതെ, ബിജെപിയുടെ ദേശീയ നയം ദക്ഷിണേന്ത്യൻ പരീക്ഷണങ്ങൾക്കപ്പുറം വടക്കേന്ത്യയിലെ 'പസ്മന്ദ' മുസ്‌ലിം ശാക്തീകരണത്തിലേക്ക് മാറിയതും അബ്ദുള്ളക്കുട്ടിയെ മാറ്റാൻ കാരണമായി. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വലിയ വോട്ടുബാങ്കുകളെ ലക്ഷ്യമിട്ട് താരിഖ് മൻസൂർ, ബാസിത് അലി തുടങ്ങിയ പ്രാദേശിക സ്വാധീനമുള്ള നേതാക്കൾക്ക് നേതൃത്വം കൂടുതൽ പ്രാധാന്യം നൽകിയതോടെയാണ് അബ്ദുള്ളക്കുട്ടിയുടെ ദേശീയ റോളിൽ മാറ്റങ്ങൾ വന്നത്.

യുപി നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇരുവരുടെയും ദേശീയ തലത്തിലുള്ള പദവികൾ പാർട്ടിക്ക് താഴെത്തട്ടിലും ന്യൂനപക്ഷ മേഖലകളിലും കൂടുതൽ രാഷ്ട്രീയ മേൽക്കൈ നൽകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

Tags:    
News Summary - Who Are Tariq Mansoor & Basit Ali? Meet BJP’s Key UP Muslim Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.