ന്യൂഡൽഹി: എക്സൈസ് നയ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മക്കെതിരേ സമൂഹമാധ്യമങ്ങളിൽ "അപകീർത്തികരവും അധിക്ഷേപകരവുമായ" സന്ദേശങ്ങൾ പങ്കുവെച്ചെന്നാരോപിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം.പി സഞ്ജയ് സിങ് എന്നിവർക്കെതിരെ ഡൽഹി ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
നാല് ആഴ്ചക്കകം മറുപടി നൽകണം. കേസ് ഓഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും.സിംഗിൾ ജഡ്ജി മേയ് 14-ന് പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് പ്രചാരണം ആരംഭിച്ചതെന്ന് നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസുമാരായ നവീൻ ചൗള, രവീന്ദർ ദുഡേജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചത്.
ആം ആദ്മി നേതൃത്വവും ജസ്റ്റിസ് ശർമ്മയും തമ്മിലുള്ള രൂക്ഷമായ തർക്കമാണ് കേസിന് പിന്നിൽ.മദ്യനയ കേസിൽ നിന്ന് ജസ്റ്റിസ് ശർമ്മ പിന്മാറണമെന്ന് കെജ്‌രിവാളും മറ്റ് എ.എ.പി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. കേസിൽ ശർമ്മ പക്ഷപാതം കാണിക്കുമെന്നും നിലപാടിൽ വൈരുദ്ധ്യവും ഉണ്ടെന്നുമാണ് എ.എ.പി നേതാക്കളുടെ ആരോപണം. ആർ.എസ്.എസുമായി ബന്ധപ്പെട്ട പരിപാടികളിൽ അവർ പങ്കെടുത്തതിനെ എ.എ.പി ചോദ്യം ചെയ്തിരുന്നു. എക്സൈസ് കേസിൽ സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പാനൽ അഭിഭാഷകരായി ശർമ്മയുടെ മക്കളെ ഉൾപ്പെടുത്തിയതിലും എ.എ.പി നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേസിൽ നിന്നു പിൻമാറാനുള്ള അപേക്ഷ ജസ്റ്റിസ് ശർമ്മ നിരസിച്ചിരുന്നു. ഇതിനുപിന്നാലെ ജഡ്ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വീഡിയോകളും പ്രസ്താവനകളും കെജ്‌രിവാൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.ഇതിനെതിരെ ജസ്റ്റിസ് ശർമ്മ തിരിച്ചടിച്ചു. "എനിക്കും ഈ കോടതിക്കും എതിരെ ചില പ്രതികൾ അങ്ങേയറ്റം അധിക്ഷേപകരവും അവഹേളനപരവും അപകീർത്തികരവുമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, എനിക്ക് മൗനം പാലിക്കാൻ കഴിയില്ല," ജഡ്ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.