ന്യൂഡൽഹി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് ജസ്റ്റിസ് സ്വർണകാന്ത ശർമ സ്വമേധയാ എടുത്ത ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ ആം ആദ്മി പാർട്ടി (എ.എ.പി) നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ളവർക്ക് ഡൽഹി ഹൈകോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ നവിൻ ചൗള, രവീന്ദർ ദുഡേജ എന്നിവരടങ്ങിയ ബെഞ്ചാണ് എ.എ.പി നേതാക്കൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. നാലാഴ്ചക്കകം മറുപടി നൽകാൻ നിർദേശിച്ച കോടതി, അടുത്ത വാദം കേൾക്കലിനായി കേസ് ആഗസ്റ്റ് നാലിലേക്ക് മാറ്റി.
ഡൽഹി മുൻ സർക്കാറിന്റെ മദ്യനയക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിനെത്തുടർന്ന് മേയ് 14നാണ് ജസ്റ്റിസ് സ്വർണകാന്ത കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി കൂടിയായ കെജ്രിവാൾ സമൂഹ മാധ്യമങ്ങളിലൂടെ ആസൂത്രിത അപകീർത്തി പ്രചാരണം നടത്തുകയാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ കുറ്റപ്പെടുത്തിയിരുന്നു.
കോടതി നടപടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് എ.എ.പി നേതാക്കൾ സമാന്തരമായ വിവരണം സൃഷ്ടിക്കുകയാണെന്നും ഇത്തരം സാഹചര്യങ്ങളിൽ മൗനം പാലിക്കുന്നത് ജുഡീഷ്യൽ സംയമനമല്ല, മറിച്ച് ശക്തനായ വ്യവഹാരിക്ക് മുന്നിലുള്ള കീഴടങ്ങലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് സ്വർണകാന്ത കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.