ശ്രീനഗർ: ജമ്മു-കശ്മീരിലെ മാർക്കറ്റിൽ മോഷണക്കുറ്റം ചുമത്തി യുവാവിനെ അർധ നഗ്നനാക്കി ചെരിപ്പ് മാല തൂക്കിയതായി പരാതി. സംഭവം വിവാദമായതോടെ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ബക്ഷി നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ആസാദ് മൻഹാസിന്റെ സാന്നിധ്യത്തിൽ യൂണിഫോം ധരിച്ച രണ്ട് പൊലീസുകാർ പോലീസ് വാഹനത്തിന്റെ പിന്നിൽ നിന്ന് കൈകൾ പിന്നിൽ കെട്ടിയിട്ട ഒരാളെ വലിച്ചിഴക്കുന്നതായി കാണിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനെത്തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജമ്മു സീനിയർ പൊലീസ് സൂപ്രണ്ട് ജോഗീന്ദർ സിങ് അന്വേഷണ സമിതി രൂപീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം പോലീസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ആറിന് ബക്ഷി നഗർ സ്റ്റേഷൻ പരിധിയിലുള്ള ആശുപത്രിക്ക് പുറത്ത് പ്രതി ഒരാളുടെ പണം മോഷ്ടിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച ഒരു മാർക്കറ്റ് ഏരിയയിൽ വെച്ച് പ്രതിയെ കണ്ട ഇര പണം ആവശ്യപ്പെട്ടു. എന്നാൽ, കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. താമസിയാതെ, പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന പൊലീസുകാർ പ്രതിയെ പിടികൂടുകയും ചെയ്തു. പിന്നീട്, സമീപത്തുണ്ടായിരുന്ന ചിലർ പ്രതിയെ ആക്രമിച്ചു, ചില പൊലീസുകാരും ജനക്കൂട്ടത്തോടൊപ്പം ചേർന്നു. ജമ്മുവിലെ റിയാസി ജില്ലയിൽ താമസിക്കുന്ന പ്രതിയെ പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ അർദ്ധനഗ്നനാക്കി പക്കാ ഡംഗ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിക്കുകയായിരുന്നു. തുടർന്ന് അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതിനിടെ, സംഭവം ജമ്മു-കശ്മീരിലുടനീളം വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവാമി ഇത്തിഹാദ് പാർട്ടി നിയമസഭാംഗം ശൈഖ് ഖുർഷിദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.