കർണാടകയിൽ കശ്മീരി എം.ബി.ബി.എസ് വിദ്യാർഥി റാഗിങ്ങിന് ഇരയായ സംഭവം; നടപടി ആവശ്യപ്പെട്ട് സിദ്ധരാമയ്യക്ക് ഉമർ അബ്ദുല്ലയുടെ കത്ത്

ശ്രീനഗർ: കർണാടകയിൽ പഠിക്കുന്ന കശ്മീരി എം.ബി.ബി.എസ് വിദ്യാർഥി റാഗിങ്ങിന് ഇരയായ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഉമർ അബ്ദുല്ല ക​ത്തയച്ചു. ബിജാപൂരിലെ അൽ അമീൻ മെഡിക്കൽ കോളജിലെ രണ്ടാംവർഷം വിദ്യാർഥിയായ കശ്മീർ സ്വദേശിയാണ് റാഗിങ്ങിന് ഇരയായത്. സീനിയർ വിദ്യാർഥികളിൽ നിന്ന് ശാരീരികവും മാനസികവുമായി ക്രൂര പീഡനത്തിനാണ് എം.ബി.ബി.എസ് വിദ്യാർഥിയായ ഹമീം ഇരയായതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

കർണാടക മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീർ സ്റ്റുഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വിവിധ എം.ബി.ബി.എസ് ബാച്ചുകാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണാനെത്തിയ ഹമീമിനോട് സ്ഥലം വിടാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടു. പിൻമാറാൻ തയാറാകാതിരുന്ന ഹമീമിനെ സീനിയർ വിദ്യാർഥികൾ അസഭ്യം പറയുകയും സല്യൂട്ട് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പാട്ടുപാടാനും ഡാൻസ് ചെയ്യാനും നിർബന്ധിച്ചു. അതിനു ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് അതിക്രമിച്ചു കയറിയ സീനിയർ വിദ്യാർഥികൾ ശാരീരികമായും ഹമീമിനെ മർദിച്ചു. അതിനു പിന്നാലെ മാപ്പുപറയിപ്പിക്കുന്ന വിഡിയോയും റെക്കോർഡ് ചെയ്തു. തങ്ങൾ കർണാടക്കാരാണെന്നും പുറംനാട്ടുകാരനായ ഹമീം കൂടുതൽ പീഡനം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.

കഴിഞ്ഞ വർഷവും സമാനരീതിയിൽ വിദ്യാർഥി അപമാനിക്കപ്പെട്ടിരുന്നു. വിദ്യാർഥികളുടെ ഭക്ഷണമുറി ഉപയോഗിക്കാൻ അന്ന് സീനിയർ വിദ്യാർഥികൾ ഹമീമിനെ അനുവദിച്ചില്ല. മുതിർന്ന വിദ്യാർഥിയെ അഭിവാദ്യം ചെയ്തില്ല എന്നാരോപിച്ചായിരുന്നു ഇത്.

സംഭവത്തിൽ കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും ഉമർ അബ്ദുല്ല എക്സിൽ കുറിച്ചു.

Tags:    
News Summary - Kashmiri MBBS student ragged in Karnataka, Omar Abdullah writes to Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.