ശ്രീനഗർ: രണ്ടു വർഷത്തിനിടെ കുടുംബത്തിലെ രണ്ടാം മരണത്തിന് സാക്ഷ്യം വഹിച്ച ഞെട്ടലിലാണ് ശ്രീനഗറിലെ മുഷ്താഖ് അഹ്മദ് ലോണിന്റെ കുടുംബം. ജമ്മു-കശ്മീർ പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുഷ്താഖ് അഹമ്മദ് ലോൺ (56) ചൊവ്വാഴ്ച വൈകുന്നേരമാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

ലോണിന്റെ മകൻ ആഖിബ് മുഷ്താഖ് 2020 ഏപ്രിൽ 26ന് കുൽഗാമിലെ ആസ്തൽ ഗുഡ്ഡർ പ്രദേശത്ത് പൊലീസുമായുള്ള 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ടിരുന്നു. ഒരേ കുടുംബത്തിൽ തന്നെയുള്ളവർ സൈന്യത്തിനും തീവ്രവാദികൾക്കും ഇരയാകുന്നത് കശ്മീരിന്റെ വർത്തമാനകാല ദുര്യോഗമാണെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങൾ മാത്രമല്ല, പൊലീസും ജീവൻ കൈയിൽ പിടിച്ചാണ് ഓരോ ദിവസവും ചെലവിടുന്നത്.

എൻജിനീയറിങ് ബിരുദധാരിയായിരുന്നു ആഖിബ്. 'തീവ്രവാദി ബന്ധം' ആരോപിച്ചാണ് ഏറ്റുമുട്ടൽ കൊല നടന്നത്. എന്നാൽ, ഈ വാദം കുടുംബം നിഷേധിക്കുന്നു. കൊല്ലപ്പെട്ട മറ്റ് തീവ്രവാദികളെപ്പോലെ ആഖിബിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തില്ല. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് സംസ്‌കരിച്ചത്.എ.എസ്‌.ഐ മുഷ്താഖ് ലോൺകൂടി കൊല്ലപ്പെട്ടതോടെ ആഖിബിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. ലോണിന് ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.

എ.എസ്.ഐ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവെപ്പ് ചിത്രീകരിച്ച് എഡിറ്റ് ചെയ്ത വീഡിയോ തീവ്രവാദികൾ ബുധനാഴ്ച പുറത്തുവിട്ടു.ശരീരത്തിൽ ഘടിപ്പിച്ച കാമറകളിലാണ് ആക്രമണ ദൃശ്യങ്ങൾ പകർത്തിയത്. കൊലയുടെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.   

Tags:    
News Summary - Kashmiri family has lost a policeman father and son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.