മഹാത്മാഗാന്ധി കാരണമാണ് കശ്മീർ ഇന്ത്യയ്‌ക്കൊപ്പം നിന്നത് - ഫാറൂഖ് അബ്ദുല്ല

ന്യൂഡൽഹി: ജമ്മു കശ്മീർ ഇന്ത്യക്കൊപ്പം നിലനിന്നത് മഹാത്മാഗാന്ധി എല്ലാവരുടെയും രാജ്യമാണെന്ന് പറഞ്ഞതുകൊണ്ടാണെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് ഡൽഹി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി.

ആർട്ടിക്കിൾ 370 താൽക്കാലികമാണെന്ന് സമ്മതിക്കുന്നു. എന്നാൽ, കശ്മീരിൽ ഒരു ഹിതപരിശോധന നടക്കേണ്ടതായിരുന്നുവെന്നും അതുണ്ടായില്ലെന്നും ഫാറൂഖ് അബ്ദുല്ല തുറന്നടിച്ചു.

2014 നവംബർ-ഡിസംബർ മാസങ്ങളിൽ ബി.ജെ.പിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ചേർന്ന് സർക്കാർ രൂപീകരിച്ചപ്പോഴാണ് ജമ്മു കശ്മീരിലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 2018 ജൂണിൽ സഖ്യം തകരുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. 2019 ഓഗസ്റ്റിൽ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മു-കശ്മീർ, ലഡാക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തു.

"ഒരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രം ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ചതായി നിങ്ങൾ മനസ്സിലാക്കണം. ഞങ്ങൾക്ക് പാകിസ്ഥാനിലേക്ക് പോകാമായിരുന്നു, ഞങ്ങളെ ഇവിടെ എത്തിച്ചത് ഗാന്ധിജിയാണ്, ഈ രാഷ്ട്രം എല്ലാവർക്കും വേണ്ടിയുള്ളതാണ് എന്ന അദ്ദേഹത്തിന്റെ വാക്ക്." ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

കശ്മീർ ഒരിക്കലും സ്വാതന്ത്ര്യം ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ജിന്ന കരുതിയത് കശ്മീർ തന്റെ പോക്കറ്റിലാണെന്നാണ്. അത് അങ്ങനെയല്ലെന്ന് ജിന്നക്ക് മനസിലായില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ജമ്മു കശ്മീരിൽ നടക്കുന്നത് മാനുഷിക പ്രശ്‌നം മാത്രമല്ല, സ്വാതന്ത്ര്യത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട ഇന്ത്യയുടെ നാശമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 'ഇന്ന് സമത്വം ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും,' വടക്കുകിഴക്കൻ സംസ്ഥാനത്തെ വംശീയ അക്രമത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജമ്മു കശ്മീർ മുൻ എം.എൽ.എ എം വൈ തരിഗാമി, സജ്ജാദ് ഹുസൈൻ കാർഗിലി, ഡി.എം.കെ എം.പി കനിമൊഴി, എൻ.സി.പിയുടെ സുപ്രിയ സുലെ, കോൺഗ്രസ് എം.പി ശശി തരൂർ, ആർ.ജെ.ഡി എം.പി മനോജ് ഝാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Tags:    
News Summary - Kashmir stood with India because of Mahatma Gandhi - Farooq Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.