കരൂരിൽ പ്രചാരണ റാലിയിൽ സംസാരിക്കുന്ന വിജയ്, അപകടത്തിന് മുമ്പുള്ള ദൃശ്യം

‘കരൂർ ദുരന്തത്തിൽ അന്വേഷണം പൂർത്തിയാവുന്നത് വരെ വിജയ്‌യെയും ടി.വി.കെയെയും പൊതുപരിപാടികളിൽ നിന്ന് വിലക്കണം’ - പരിക്കേറ്റയാൾ കോടതിയിൽ

കരൂർ: നടൻ വിജയ്‌യുടെ നേതൃത്വത്തിൽ കരൂരിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തിൽ അന്വേഷണം പൂർത്തിയാവുന്നത് വരെ തുടർ റാലികൾ നടത്തുന്നതിൽ നിന്ന് നടനെയും പാർട്ടി​യെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് മ​ദ്രാസ് ഹൈകോടതിയിൽ ഹരജി. സംഭവത്തിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് കോടതിയെ സമീപിച്ചത്. ​

സംഭവത്തിൽ ​​അന്വേഷണം പൂർത്തിയാക്കി സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുകയും മതിയായ സുരക്ഷാ നടപടികൾ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ നടനെയും പാർട്ടിയെയും പൊതുപരിപാടികൾ നടത്തുന്നതിൽ നിന്ന് വിലക്കണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണ​മെന്നും ഹരജി ആവശ്യപ്പെടുന്നു.

സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ തമിഴ്നാട്ടിൽ വിവിധയിടങ്ങളിലായി സംഘടിപ്പിക്കുന്ന പ്രചാരണപരിപാടികൾക്ക് അനുമതി നൽകാൻ ഡി.ജ.പിക്ക് നിർദേശം നൽകണമെന്ന് നേരത്തെ ടി.വി​.കെ കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിൽ തന്നെയും കക്ഷി ചേർക്കണമെന്നും സെന്തിൽ കണ്ണൻ ആവശ്യപ്പെട്ടു.

ദുരന്തം വെറുമൊരു അപകടമല്ല. ആസൂത്രണപ്പിശകും ഗുരുതരമായ കെടുകാര്യസ്ഥതയും വ്യക്തമാണെന്നും പൊതുജനങ്ങളുടെ സുരക്ഷയെ അവഗണിച്ചുവെന്നും സെന്തിൽകണ്ണൻ വാദിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർക്കായില്ല. മതിയായ ബാരിക്കേഡുകൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. അപകടകരമായ തിരക്കിന് കാരണമാകുന്ന രീതിയിൽ പ്രചാരണ വാഹനം നിറുത്തിയിട്ടു.

കരൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിൽ കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയും മരണത്തിന് കാരണമാകുന്ന അശ്രദ്ധയുമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെ അനിയന്ത്രിതമായ രാഷ്ട്രീയ റാലികൾ അപകടത്തിലാക്കുന്നു. ഇത്തരം റാലികൾ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് നല്ല ബാധ്യതയുണ്ട്.

കരൂർ ദുരന്തം അന്വേഷണത്തിലിരിക്കുന്ന സമയത്ത് മതിയായ മുൻകരുതലുകൾ ഉറപ്പുവരുത്താതെ തമിഴഗ വെട്രി കഴകത്തെിനും (ടി.വി.കെ) വിജയ്‌ക്കും കൂടുതൽ റാലികൾക്ക് അനുമതി നൽകുന്നത് ഗുണകരമാവില്ല. ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, സംസ്ഥാനത്തിലും ഭരണ സംവിധാനത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകരുമെന്നും ഹരജിയിൽ പറയുന്നു.

ജസ്റ്റിസ് എൻ. സെന്തിൽ കുമാറിന് മുമ്പാകെ ഹരജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജി. ശങ്കരൻ, ഞായറാഴ്ച വൈകീട്ട് ഹരജിയിൽ വാദം കേൾക്കണമെന്ന് പരാമർശിച്ചെങ്കിലും, ഹരജി നമ്പറിടാതിരുന്നതിനാൽ ​കോടതി പരിഗണിച്ചില്ല.

Tags:    
News Summary - Karur Stampede Victim Moves High Court Against Permit For TVK Rallies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.