കരൂർ ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹവുമായി ബന്ധുക്കൾ

വിജയ്‌യുടെ അറസ്റ്റ് ഉടനുണ്ടായേക്കില്ല, കരുതലോടെ സർക്കാർ, പര്യടനം നിർത്തി ടി.വി.കെ

ചെന്നൈ: തമിഴ്നാട് കരൂരിൽ ​പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 40 പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ വിജയ്‌യുടെ സംസ്ഥാന പര്യടനം നിർത്തിവെച്ച് തമിഴക വെട്രി കഴകം. അതേസമയം, സംഭവത്തിൽ നടന്റെ അറസ്റ്റ് ഉടനുണ്ടായേക്കില്ല. തിരക്കിട്ട് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടെന്നാണ് സർക്കാർ നിലപാട്.

കരൂര്‍ ദുരന്തത്തിൽ ടി.വി.കെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തെങ്കിലും അധ്യക്ഷൻ വിജയ്‍ക്കെതിരെ കേസെടുത്തിട്ടില്ല. വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് ധാരണ. നാളെ കോടതിയിൽ സര്‍ക്കാര്‍ വിഷയം ഉന്നയിച്ചേക്കും. കോടതി നിർദേശം വരെ കാത്തിരിക്കാമെന്നാണ് തീരുമാനം. കോടതി സ്വമേധയാ കേസെടുക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ കണക്കുകൂട്ടുന്നു.വിജയ്ക്ക് അനുകൂലമായി സഹതാപ വികാരം ഉയർന്നുവരുന്നത് തടഞ്ഞ് കരുതലോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

അടുത്തയാഴ്ച കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിൽ നടത്താനിരുന്ന പര്യടനമാണ് നിര്‍ത്തിവെച്ചത്. വെല്ലൂരും റാണിപേട്ടുമാണ് ഒക്ടോബര്‍ അഞ്ചിന് റാലി തീരുമാനിച്ചിരുന്നത്. ഇത് ഉള്‍പ്പെടെയാണ് നിര്‍ത്തിവെച്ചത്. ഇനി സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് വിജയ്‍യുടെ പര്യടനം ബാക്കിയുള്ളത്.

ഇതിനിടെ, ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് മ​ദ്രാസ് ഹൈകോടതിയെ സമീപിക്കാൻ ഞായറാഴ്ച ഓൺലൈനായി ചേർന്ന പാർട്ടി അടിയന്തിര നേതൃയോഗം തീരുമാനിച്ചു. വിഷയത്തിൽ നിയമവിദഗ്ദരുടെ സഹായം തേടും. ദുരന്തം നടന്ന സ്ഥലത്തും സമീപത്തുമുള്ള സി.സി.ടി.വി ദൃശ്യങ്ങളടക്കം സംരക്ഷിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ഇതിനിടെ, തിങ്കളാഴ്ച കോടതി കൂടുതൽ രൂക്ഷമായ പരാമർശങ്ങൾ നടത്തിയേക്കുമെന്ന ആശങ്കയിലാണ് ടി.വി.കെ ക്യാമ്പ്. നേരത്തെ, ടി.വി.കെ റാലികളിൽ സുര​ക്ഷയൊരുക്കുന്നതടക്കം വിഷയങ്ങളിൽ കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം അപകടത്തിന് പിന്നാലെ മടങ്ങിയെത്തിയ വിജയ് വീട്ടിൽ തുടരുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും വിജയ് ധനസഹായം​ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവന് പകരമല്ല ധനസഹായമെന്നും എല്ലാ സഹായവും ടി.വി.കെ നൽകുമെന്നും വിജയ് എക്സിലെ കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - karur stampede: police wont arrest actor Vijay soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.