ന്യൂഡൽഹി: വിവാദ ചിത്രം പത്മാവതിനെതിരെ നടത്തുന്ന സമരത്തിൽ നിന്ന് പിൻമാറുന്നുവെന്ന വാർത്ത നിഷേധിച്ച് കർണിസേന. പത്മാവതിനെ പിന്തുണച്ചുകൊണ്ട് കർണിസേന രംഗത്തെത്തിയെന്ന് വാർത്തകളുണ്ടായിരുന്നു. ഇതെല്ലാം വ്യാജമാണെന്നാണ് കർണിസേന തലവൻ ലോകേന്ദ്ര സിങ് കൽവി മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റായ വാർത്ത നൽകിയത് വ്യാജ കർണിസേനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പലതരം കർണിസേനകൾ ഉണ്ടായിവരികയാണ്. ഇപ്പോൾത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരിൽ നിലവിലുണ്ട്. ഇതെല്ലാം വ്യാജമാണ്. ചില നിക്ഷിപ്ത താൽപര്യങ്ങളാണ് ഇവയെ നയിക്കുന്നതെന്നും കൽവി പറഞ്ഞു.
എന്തായാലും രജപുത്ര കർണിസേനയെന്ന പേരിൽ ഒരേയൊരു സംഘടനയേ നിലവിലുള്ളൂ. അതിന്‍റെ സ്ഥാപകനാവാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്മാവത് എന്ന സിനിമ റിലീസാകുന്നതിന് മുൻപ് തന്നെ പ്രതിഷേധിക്കാൻ ആരംഭിച്ചവാരാണ് ഞങ്ങൾ. ആ നിലപാടിൽ മാറ്റില്ല. കൽവി അറിയിച്ചു.
ദീപിക പദുകോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതും രജ്പുത് സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ച് രജ്പുത് കർണിസേനയാണ് സിനിമക്കെതിെര രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പത്മാവതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് സിനിമ കണ്ട് തീരുമാനമെടുക്കാൻ ചരിത്രകാരൻമാരെ ഉൾപ്പെടുത്തി ഒരു പാനൽ രൂപീകരിക്കുകയും അവർ തിരുത്തലുകൾ നിർദേശിക്കുകയും ചെയ്തു. തുടർന്ന് 26 രംഗങ്ങൾ വെട്ടിമാറ്റിയും പേര് പത്മാവത് എന്ന് മാറ്റിയുമാണ് ചിത്രം റിലീസ് ചെയ്തത്. എങ്കിലും ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്ത തിയറ്ററുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായി.
ദീപിക പദുകോണും രൺവീർ സിങ്ങും പ്രധാന വേഷത്തിലെത്തിയ ചിത്രം 150 കോടി ചെലവിലാണ് നിർമിച്ചത്. 16ാം നൂറ്റാണ്ടിൽ മാലിക് മുഹമ്മദ് ജയസി എഴുതിയ ‘പത്മാവത്’ എന്ന പ്രശസ്ത കവിതയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.