ബംഗളൂരു: രോഗിയായ മകനെ കൊലപ്പെടുത്താൻ സ്ഥിരം കുറ്റവാളിയായ സുഹൃത്തിെൻറ സഹായം തേടി പിതാവ്. രോഗബാധിതനായ അഞ്ചുവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് എം. ജയ പ്പയെയും സുഹൃത്ത് എം. മഹേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസവരാജ് (അഞ്ച്) ആണ് കൊല്ല പ്പെട്ടത്. അപസ്മാര രോഗബാധിതനായ അഞ്ചുവയസ്സുകാരനായ മകനെ ചികിത്സിക്കാൻ 1,000 രൂപയാണ് ദിനേന ചെലവാകുന്നതെന്നും സർക്കാർ പദ്ധതികളിൽനിന്നോ മറ്റുള്ളവരിൽനിന്നും സഹായം ലഭിക്കാതായതോടെയാണ് മകനെ കൊലപ്പെടുത്താൻ പിതാവായ ജയപ്പ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്നുവർഷമായി മകൻ ബസവരാജിെൻറ ചികിത്സക്ക് നാലുലക്ഷത്തിലധികം രൂപയാണ് ചെലവാക്കിയതെന്നും പണം ലഭിക്കാൻ ഒട്ടും നിവൃത്തിയില്ലാതെ വന്നതോടെയാണ് കടുംകൈക്ക് മുതിർന്നതെന്നും ജയപ്പ പൊലീസിന് മൊഴി നൽകി. കർണാടകയിലെ ദാവൻകരെയിൽ ഭാര്യക്കും നാലു മക്കൾക്കുമൊപ്പം കഴിയുന്ന ജയപ്പ രോഗിയായ അഞ്ചുവയസ്സുള്ള ബസവരാജിനെ കൊലപ്പെടുത്താൻ മഹേഷ് എന്ന സ്ഥിരം കുറ്റവാളിക്ക് 50,000 രൂപയാണ് വാഗ്ദാനം ചെയ്തത്. ജയപ്പയുടെ അവസ്ഥ മനസ്സിലാക്കി കുട്ടിയെ വേദനയില്ലാതെ കൊല്ലുന്നതിന് 25,000 രൂപ വിലയുള്ള ഇഞ്ചക്ഷൻ മരുന്ന് വാങ്ങാമെന്ന് മഹേഷ് അറിയിക്കുകയായിരുന്നു.
കൃത്യം നടത്തുന്നതിന് 50,000 രൂപയും ഇഞ്ചക്ഷന് 25,000 രൂപയും നൽകാമെന്നും ജയപ്പ അറിയിച്ചു. എന്നാൽ, കഴിഞ്ഞ മാസം ഇഞ്ചക്ഷൻ ലഭിച്ചില്ലെന്നും 50,000 രൂപ മാത്രം തന്നാൽ മകനെ കൊലപ്പെടുത്താമെന്നും മഹേഷ് അറിയിക്കുകയായിരുന്നു. കൃത്യം നടത്തുന്നതിനായി അഞ്ചുവയസ്സുകാരൻ ബസവരാജുവിനെ മാത്രം വീട്ടിൽ നിർത്തി കുടുംബാംഗങ്ങളെ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടശേഷം രാത്രിയിൽ ജയപ്പ, മഹേഷിനെ വിളിച്ചുവരുത്തി. തുടർന്ന് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെതുടർന്ന് മകൻ മരിച്ചുവെന്നാണ് പിറ്റേന്ന് ജയപ്പ അയൽവാസികളോട് പറഞ്ഞത്. എന്നാൽ, മഹേഷ് വീട്ടിൽ വരുന്നത് കണ്ടവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.