ബംഗളുരു: അന്തർ സംസ്ഥാന തൊഴിലാളികളെ തൽക്കാലം തിരിച്ചയക്കേണ്ടെന്ന് കർണാടക സർക്കാർ തീരുമാനം. സംസ്ഥാനത്തെ ബിൽഡേഴ്സ് പ്രതിനിധികളുമായി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ചർച്ച നടത്തി മണിക്കൂറുകൾക്കകമാണ് ഈ നിർദേശം. നിർമാണ മേഖലയിലും മറ്റും പ്രവൃത്തികൾ പുനരാരംഭിക്കാനിരിക്കെ അനാവശ്യയാത്രകൾ ഒഴിവാക്കുകയാണ് നല്ലതെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും യോഗത്തിൽ കെട്ടിടനിർമാതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിനാലാണ് തൊഴിലാളികളുടെ യാത്ര മാറ്റിവെച്ചതെന്നാണ് വിവരം.
ദാനാപുറിൽ നിന്നും ബിഹാറിലേക്ക് രണ്ട് ട്രെയിനുകൾ സർവീസ് നടത്തണമെന്ന് റെയിൽവെയോട് നേരത്തേ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പിൻവലിച്ചതായും കർണാടകയുടെ അന്തർ-സംസ്ഥാന യാത്രകൾക്കുള്ള നോഡൽ ഓഫിസർ അറിയിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് തൊഴിലാളികളെ പറഞ്ഞു മനസ്സിലാക്കാൻ ബന്ധപ്പെട്ട മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ബി.എസ് യെദിയൂരപ്പ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ലോക്ഡൗൺ കഴിഞ്ഞതിനുശേഷം തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാമെന്നും അതുവരെ തങ്ങൾ അവരെ സംരക്ഷിക്കുമെന്നും ലേബർ ഡിപ്പാർട്ട്മെന്‍റ് പ്രതികരിച്ചു.
തിങ്കളാഴ്ച മുതൽ ട്രെയിനിൽ പതിനായിരത്തോളം തൊഴിലാളികളെയാണ് കർണാടക സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സ്വന്തം നാട്ടിൽ എത്താൻ ആഗ്രഹിച്ച് നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. ട്രെയിൻ സർവീസ് പുനരാരംഭിച്ചതോടെ തിരിച്ചുപോകാനാകുമെന്ന് കരുതി കാത്തിരിക്കുന്നതിനിടയിലാണ് സംസ്ഥാന സർക്കാർ നിലപാട് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.