കരാറുകാരന്‍റെ ആത്മഹത്യയിൽ കർണാടക മന്ത്രി ഈശ്വരപ്പക്കെതിരെ കേസ്

ബംഗളൂരു: അഴിമതി ആരേപണത്തെ തുടർന്ന് ഉഡുപ്പിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത കരാറുകാരന്‍റെ മരണത്തിൽ കർണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പയെ പ്രതി ചേർത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ആത്മഹത്യ ചെയ്ത സന്തോഷ് പട്ടീലിന്റെ സഹോദരൻ പ്രശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈശ്വരപ്പയുടെ കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിന്‍റെ കീഴിൽ പട്ടീൽ നടത്തിയ 4 കോടി രൂപയുടെ പദ്ധതിയിൽ മന്ത്രിയുടെ കൂട്ടാളികൾ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതായി പട്ടീൽ ആരോപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.

"ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ മാത്രമാണ് തന്റെ മരണത്തിന് ഉത്തരവാദി. എന്റെ ആഗ്രഹങ്ങൾ മാറ്റിവെച്ചാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത്. എന്‍റെ ഭാര്യയെയും കുട്ടികളെയും സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും നമ്മുടെ പ്രിയപ്പെട്ട ലിംഗായത്ത് നേതാവ് ബി.എസ്‌.വൈയോടും മറ്റെല്ലാവരോടും ഞാൻ കൈകൂപ്പി അഭ്യർഥിക്കുകയാണ്"- അദ്ദേഹം കത്തിൽ എഴുതി.

കരാറുകാരന്റെ മരണത്തിൽ വേഗത്തിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എന്നാൽ ഈശ്വരപ്പ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. കുറ്റം ആരോപിച്ച ആത്മഹത്യ ചെയ്ത കരാറുകാരന്‍റെ സഹോദരൻ സന്തോഷിനെതിരെ മന്ത്രി മാനനഷ്ടക്കേസ് നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും ബൊമ്മൈ പറഞ്ഞു. കരാറുകാരനെ തനിക്ക് അറിയില്ലെന്നാവർത്തിച്ച ഈശ്വരപ്പ വിഷയത്തിൽ രാജിവെക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യം നിരസിച്ചു.

Tags:    
News Summary - Karnataka Minister Named In Police Case Over Contractor's Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.