ബംഗളൂരു: ബി.ജെ.പിയുടെ വർഗീയ, വിഭജന, ഫാഷിസത്തിനെതിരെ കർണാടക തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ പരത്തുകയാണെന്നും രാജ്യത്തിന് ഇത്തരമൊരു പ്രതീക്ഷ സമ്മാനിച്ച കർണാടകയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറഞ്ഞു.കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണപ്രകാരം എത്തിയ മഹ്ബൂബ മുഫ്തി മാധ്യമപ്രവർത്തകരുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി.
ഡൽഹിയിലുണ്ടായ സംഭവ വികാസങ്ങളെ കുറിച്ച് സൂചിപ്പിച്ച മഹ്ബൂബ മുഫ്തി, ഇത് രാജ്യത്ത് എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും ജാഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ ആം ആദ്മി സർക്കാറിന്റെ അധികാരങ്ങളിലേക്ക് സുപ്രീംകോടതി വിധി മറികടന്ന് പാതിരാത്രിക്ക് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഓർഡിനൻസ് ഇറക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു മഹ്ബൂബയുടെ പരാമർശം.
ഡൽഹിയിൽ സംഭവിച്ചത് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്. ജമ്മു-കശ്മീരിൽ സംഭവിച്ചത് രാജ്യം മുഴുവൻ സംഭവിക്കാൻ പോവുകയാണ്. ഭരണഘടനയുടെ 370ാം വകുപ്പ് ജമ്മു-കശ്മീരിൽ പുനഃസ്ഥാപിക്കുന്നതുവരെ താൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ബി.ജെ.പിക്ക് പ്രതിപക്ഷം വേണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. ഡൽഹി സർക്കാറിന്റെ ശക്തി ചോർത്തിയിരിക്കുന്നു. ഇതാണ് എല്ലായിടത്തും സംഭവിക്കാൻ പോകുന്നത്- അവർ പറഞ്ഞു.
രാജ്യത്തിന് മുഴുവൻ കർണാടക പ്രതീക്ഷ നൽകിയിരിക്കുകയാണ്. കർണാടക തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു നേതാക്കളും മതത്തിന്റെ പേരിലാണ് വോട്ടുതേടിയത്. എന്നാൽ, ജനം അവരെ പുറത്താക്കി. കർണാടകയിൽ കോൺഗ്രസിന്റെ ജയത്തിന് അടിത്തറയിട്ടത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ്. ബി.ജെ.പി ഭരണകാലത്ത് വിദ്വേഷ- വർഗീയ രാഷ്ട്രീയമാണ് അരങ്ങേറിയത്.
വിഭജന കുതന്ത്രങ്ങളും കർണാടകയിൽ പയറ്റി. എന്നാൽ, സിദ്ധരാമയ്യയും ശിവകുമാറും ആ മുറിവുകളുണക്കിയിരിക്കുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ചെറുപാർട്ടികളുടെ സഖ്യമുണ്ടാവണം- മഹ്ബൂബ പറഞ്ഞു. രാജ്യത്ത് വർഗീയ- വിഭജന രാഷ്ട്രീയത്തിന്റെ ആദ്യ ഇര കശ്മീർ സംസ്ഥാനമാണ്. ഭരണഘടനയുടെ 370ാം അനുഛേദം എടുത്തുമാറ്റിയ ശേഷം ജമ്മു-കശ്മീരിൽ കുടുതൽ പട്ടാളത്തെ വിന്യസിക്കുകയാണ് ചെയ്തത്. ഏറ്റവും കൂടുതൽ പട്ടാള സാന്നിധ്യമുള്ള സംസ്ഥാനമാണ് ജമ്മു-കശ്മീരെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.