ബംഗളൂരു: ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിന്റെ തൽസ്ഥിതി റിപ്പോർട്ടിന്റെ പകർപ്പ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ), റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ.സി.ബി), ഡി.എൻ.എ എന്റർടൈൻമെന്റ് നെറ്റ്‌വർക്കുകൾ എന്നിവക്ക് നൽകാൻ കർണാടക ഹൈകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.
ദേശീയ സുരക്ഷ, പൊതുതാൽപര്യം അല്ലെങ്കിൽ സ്വകാര്യതാ അവകാശങ്ങൾ എന്നിവ ഉൾപ്പെടുന്ന കാര്യങ്ങളിൽ മാത്രമേ സുപ്രീംകോടതി സീൽ ചെയ്ത കവർ രഹസ്യസ്വഭാവം അനുവദിക്കുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് തടഞ്ഞുവെക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ന്യായീകരണം കോടതി നിരസിച്ചു. ഈ കേസിൽ ബാധകമല്ലാത്ത മാനദണ്ഡങ്ങൾ ആണ് അതെന്നും കോടതി പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സ്വമേധയാ ഉള്ള പൊതുതാൽപര്യ കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ട് പരിശോധിക്കാൻ അവസരം നൽകണമോ എന്ന് തീരുമാനിക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം.ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഈ നിരീക്ഷണങ്ങൾ നടത്തിയത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ആർ.സി.ബി അവരുടെ കന്നി ഐ.പി.എൽ കിരീട വിജയം ആഘോഷിക്കുന്നതിനിടെയാണ് തിക്കിലും തിരക്കും സംഭവിച്ചത്. റിപ്പോർട്ട് പങ്കുവെക്കുന്നത് നിലവിലുള്ള ജുഡീഷ്യൽ കമീഷനെയും മജിസ്റ്റീരിയൽ അന്വേഷണത്തെയും സ്വാധീനിക്കുമെന്ന സംസ്ഥാന സർക്കാറിന്റെ വാദത്തിന് മറുപടിയായി ഈ ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ബെഞ്ച് പറഞ്ഞു. അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന വിരമിച്ച ജഡ്ജിമാരും മുതിർന്ന അഖിലേന്ത്യാ സർവിസ് ഉദ്യോഗസ്ഥരും സ്റ്റാറ്റസ് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ സ്വാധീനിക്കപ്പെടാൻ സാധ്യതയില്ലെന്നും ഊന്നിപ്പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണം നിർണയിക്കുന്നതിനും ഉത്തരവാദിത്തം വിലയിരുത്തുന്നതിനും ഭാവിയിലേക്കുള്ള പ്രതിരോധ നടപടികൾ നിർദേശിക്കുന്നതിനുമാണ് സ്വമേധയാ നടപടികൾ ആരംഭിച്ചതെന്ന് കോടതി ആവർത്തിച്ചു. പ്രധാന കക്ഷികളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് റിപ്പോർട്ട് തടഞ്ഞുവെക്കുന്നത് അന്യായമാണെന്നും ബെഞ്ച് പറഞ്ഞു. മുദ്രവച്ച കവർ തുറന്ന് റിപ്പോർട്ട് പങ്കുവെച്ചാൽ സംഭവങ്ങളുടെ ക്രമം, അതിന് കാരണമായ ഘടകങ്ങൾ, ദുരന്തം ഒഴിവാക്കാമായിരുന്നോ എന്നിവ മനസ്സിലാക്കാൻ കോടതിയെ അവർക്ക് സഹായിക്കാനാകുമെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.