ന്യൂഡൽഹി: സ്വകാര്യ വിമാനക്കമ്പനികൾ വിമാനനിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി ജൂലൈ 13ന്(ഇന്ന്) പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണൻ സമർപ്പിച്ച ഹരജിയിൽ, വിമാനയാത്രാ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ന്യായമായ നിരക്കുകൾ നടപ്പാക്കുന്നതിനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ഒരു സ്വതന്ത്ര നിയന്ത്രണ അതോറിറ്റി രൂപവത്കരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ സ്വകാര്യ വിമാനക്കമ്പനികൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വിമാനനിരക്കുകളും അനുബന്ധ സേവന നിരക്കുകളും വർധിപ്പിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് ഹരജിക്കാരൻ വാദിക്കുന്നു. ഇത് യാത്രക്കാരുടെ താൽപര്യങ്ങൾക്ക് തിരിച്ചടിയാണെന്നും നിയന്ത്രണ സംവിധാനങ്ങൾ കൊണ്ടുവരാൻ കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ കേസിൽ മേയ് 15ന് നടന്ന വാദത്തിനിടെ വിമാനനിരക്കുകളിൽ യുക്തിസഹമായ ഏകീകരണം വേണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഒരേ ദിവസം ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന വിവിധ വിമാനക്കമ്പനികൾ തമ്മിൽ വലിയ നിരക്കുവ്യത്യാസം ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും, വിമാനയാത്രക്കാർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.
വിമാനനിരക്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണെന്നാണ് കോടതിയെ അറിയിച്ചത്. അതേസമയം ആവശ്യമായ നിയന്ത്രണ വ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചത്. കഴിഞ്ഞ വർഷം നവംബർ 17ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും വിഷയത്തിൽ നോട്ടീസ് അയച്ചിരുന്നു.
പിന്നീട് നടന്ന വാദത്തിനിടെ, ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയം സജീവമായി പരിശോധിച്ചുവരികയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
ജനുവരി 19ന് നടന്ന മുൻവാദത്തിനിടെ, ഉത്സവകാലങ്ങളിലും മറ്റ് തിരക്കേറിയ സാഹചര്യങ്ങളിലും വിമാനനിരക്കുകളിലെ കുത്തനെ വർധന സുപ്രീംകോടതി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള നിരക്കുവർധനയെ കോടതി ‘ചൂഷണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും വിശദമായ മറുപടി സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.
സ്വകാര്യ വിമാനക്കമ്പനികൾ ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് സൗജന്യമായി അനുവദിച്ചിരുന്ന 25 കി.ഗ്രാം ചെക്ക്-ഇൻ ബാഗേജ് പരിധി 15 കി.ഗ്രാമായി കുറച്ചതും ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ടിക്കറ്റിന്റെ ഭാഗമായിരുന്ന സേവനത്തെ പുതിയ വരുമാന മാർഗമാക്കി മാറ്റിയതാണിതെന്നും ചെക്ക്-ഇൻ ബാഗേജ് ഉപയോഗിക്കാത്ത യാത്രക്കാർക്ക് യാതൊരു ഇളവോ നഷ്ടപരിഹാരമോ ആനുകൂല്യമോ നൽകുന്നില്ലെന്നും ഇത് വിവേചനപരവും ഏകപക്ഷീയവുമായ നടപടിയാണെന്നും ഹരജിയിൽ പറയുന്നുണ്ട്. പ്രവാസികളടക്കം വർഷങ്ങളായി ഉന്നയിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷിയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.