ബംഗളൂരു: സഭയിൽ അംഗങ്ങളുടെ ഹാജർ വർധിപ്പിക്കാനായി ചാഞ്ഞുകിടക്കാവുന്ന റിക്ലെയിനർ കസേരകൾ കൊണ്ടുവന്ന് കർണാടക നിയമസഭ. ഇത്തരത്തിലുള്ള 15 കസേരകളാണ് സ്പീക്കറുടെ നിർദേശപ്രകാരം വാടകക്ക് എടുത്തത്. ഇതിൽ രണ്ടെണ്ണം മസ്സാജ് ചെയറുകളാണ്.
ഉച്ചഭക്ഷണത്തിന് ശേഷം എം.എൽ.എമാർ സഭയിലെത്തുന്നത് കുറയുന്നത് പരിഹരിക്കാനാണ് കസേരകൾ കൊണ്ടുവന്നത്. ഉച്ചഭക്ഷണത്തിന് ശേഷം മുറികളിലേക്ക് വിശ്രമത്തിനായി പോകുന്ന എം.എൽ.എമാരും എം.എൽ.സിമാരും പലപ്പോഴും തിരിച്ചെത്തുന്നില്ല എന്നത് സ്പീക്കർ യു.ടി. ഖാദറിന്‍റെ ശ്രദ്ധയിൽപെട്ടിരുന്നു. ഉച്ചക്ക് ശേഷമുള്ള അസംബ്ലി സെഷനുകളിൽ രാവിലത്തേതിനേക്കാൾ കുറഞ്ഞ പങ്കാളിത്തമാണുണ്ടാകാറ്.
തുടർന്നാണ് 15 റിക്ലെയിനർ ചെയറുകൾ വാടകക്ക് എത്തിക്കാൻ സ്പീക്കർ നിർദേശം നൽകിയത്. ഇത് അസംബ്ലി ലോഞ്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം സഭാംഗങ്ങൾക്ക് ഈ കസേരകളിൽ ഇരുന്ന് അൽപസമയം വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്യാം. എന്നിട്ട് വീണ്ടും സഭാ ഹാളിലേക്ക് തിരികെയെത്താം. മസ്സാജിങ് സൗകര്യമുള്ള കസേര ആവശ്യമുള്ളവർക്ക് അതും ഉപയോഗിക്കാം. വിലയേറിയ കസേരകൾ നിയമസഭ സെഷൻ കഴിഞ്ഞാൽ ഉപയോഗമില്ലാതെയാകുമല്ലോ എന്നത് പരിഗണിച്ചാണ് വാങ്ങുന്നതിന് പകരം വാടകക്കെടുക്കാൻ നിർദേശിച്ചതെന്ന് സ്പീക്കർ പറഞ്ഞു.
ഇത്തരം നടപടികൾ എം.എൽ.എമാരുടെ ഹാജർ വർധിപ്പിക്കുമെന്ന് സ്പീക്കർ പറയുന്നു. നേരത്തെ, നിയമസഭ കാന്‍റീനിൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സൗജന്യമാക്കിയതോടെ ഹാജർ വർധിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.