കുട്ടിക്കാലത്തെ ഇന്ത്യയിലെ ദീപാവലി ഓർമകൾ പങ്കുവെച്ച് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്

വാഷിങ്ടൺ: വൈറ്റ്ഹൗസിൽ നടന്ന ദീപാവലി വിരുന്നിൽ തന്‍റെ കുട്ടിക്കാലത്ത് ഇന്ത്യയിൽ ദീപാവലി ആഘോഷിച്ചത് ഓർത്തെടുത്ത് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അമേരിക്കയുടെ ആദ്യ ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച പരിപാടിയിലാണ് കമല തന്‍റെ കുട്ടിക്കാലത്തെ ദീപാവലി ഓർമകൾ പങ്കുവെച്ചത്.

ഇന്ത്യക്കാരിയായ തന്‍റെ അമ്മയുടെ അർപ്പണവും നിശ്ചയദാർഢ്യവും ധൈര്യവുമാണ് യു.എസ് വൈസ് പ്രസിഡന്‍റായി നിങ്ങൾക്ക് മുന്നിൽ ഇന്ന് താൻ നിൽക്കുന്നതിന് കാരണമെന്ന് അവർ പറഞ്ഞു.

കുട്ടിക്കാലത്ത് അമ്മയുടെ നാടായ ചെന്നൈയിലേക്കുള്ള യാത്രയെ കുറിച്ചും അവിടെ മുത്തശ്ശിയോടൊപ്പം ദീപാവലി ആഘോഷിച്ചതും കമല ഓർത്തെടുത്തു. "കുട്ടിക്കാലത്ത് മുത്തശ്ശിയോടൊപ്പം ഇന്ത്യയിൽ ദീപാവലി ആഘോഷിച്ചതിന്‍റെ ഒരുപാട് നല്ല ഓർമകൾ എനിക്കുണ്ട്. എല്ലാവർഷവും ദീപാവലി ആഘോഷിക്കുന്നതിനായി ഞങ്ങൾ ഇന്ത്യയിലേക്ക് പോകുമായിരുന്നു. അവിടെ വെച്ച് അമ്മ കൈകളിൽ വെച്ചുതന്ന കുഞ്ഞു ദീപങ്ങളുമായി ഞാനും സഹോദരി മായയും തെരുവിലേക്കിറങ്ങി ദീപാവലി ആഘോഷിക്കും"- കമല ഹാരിസ് ഓർത്തെടുത്തു.

എന്‍റെ അമ്മ അവരുടെ 19-ാം വയസിലാണ് പഠനത്തിനായി യു.എസിലെത്തിയത്. ഒരു സ്തനാർബുദ ഗവേഷകയാകുക എന്ന സ്വപ്നത്തോടെ നാട്ടിൽ നിന്നും യു.എസിലെത്തിയ അമ്മ ഈ നാട്ടിൽ പുതിയൊരു ജീവിതം തന്നെ കെട്ടിപ്പടുത്തു. പി.എച്ച്.ഡി നേടിയതിന് ശേഷം എന്നെയും സഹോദരിയെയും അവർ വളർത്തി ഉയരങ്ങളിലെത്തിച്ചു -കമല ഹാരിസ് പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച പ്രസിഡന്‍റ് ജോ ബൈഡൻ കമല ഹാരിസിന് തന്‍റെ അമ്മയോടുള്ള സ്നേഹത്തെ അഭിനന്ദിച്ചു. കമലയിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഏറ്റവും നല്ല കാര്യം അവർ അവരുടെ അമ്മയെ കുറിച്ച് എപ്പോഴും സംസാരിച്ച് കൊണ്ടേയിരിക്കും. മക്കളെയും കൂട്ടി അമേരിക്കയിലെത്തി പുതുജീവിതം ആരംഭിക്കാൻ നിങ്ങളുടെ അമ്മ കാണിച്ച ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.

വെള്ളിയാഴ്ച 100ലധികം ഇന്ത്യക്കാർക്കായി തന്‍റെ വസതിയിൽ വിരുന്നൊരുക്കിയ കമല ഹാരിസ് അവർക്കൊപ്പം പടക്കങ്ങൾ പൊട്ടിച്ച് ദീപാവലി ആഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു.

Tags:    
News Summary - Kamala Harris Shares Memories Of Celebrating Diwali As Child, India Visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.