കമൽനാഥ്

രാജ്യസഭാ സീറ്റ് നോട്ടമിട്ട് കമൽനാഥ്; സോണിയയെ കണ്ട് ആവശ്യമറിയിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ്. കഴിഞ്ഞ ദിവസം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെത്തി കണ്ട കമൽനാഥ് തന്‍റെ ആവശ്യം അറിയിച്ചതായാണ് വിവരം. 27നാണ് മധ്യപ്രദേശിൽ അഞ്ച് ഒഴിവിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ്.

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായിരുന്ന കമൽനാഥിനെ നിയമസഭയിലെ തോൽവിക്ക് പിന്നാലെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ജിത്തു പട്‌വാരിയാണ് നിലവിലെ അധ്യക്ഷൻ. എം.എൽ.എ മാത്രമായി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാൻ കമൽനാഥിന് താൽപര്യമില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

കമൽനാഥിന്‍റെ മകൻ നകുൽനാഥ് ഇത്തവണയും ഛിന്ദ്വാര സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രാധാന്യം നഷ്ടമാകുന്നുവെന്ന തോന്നലാണ് കമൽനാഥിനെ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ പ്രേരിപ്പിച്ചതെന്ന് കോൺഗ്രസിലെ തന്നെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 13ന് സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് എം.എൽ.എമാരെയും കമൽനാഥ് ഭോപ്പാലിലെ വീട്ടിൽ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനുള്ള മുന്നോടിയായാണ് ഇതെന്നാണ് വിലയിരുത്തൽ.

അതേസമയം, കമൽനാഥ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുയർന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കമൽനാഥിന് രാജ്യസഭ സീറ്റും മകന് ലോക്സഭ സീറ്റും ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് പറയപ്പെടുന്നത്. അതേസമയം, സീറ്റിനായി കോൺഗ്രസിന് മേൽ സമ്മർദം ചെലുത്തുന്നതിന്‍റെ ഭാഗമായാണ് അഭ്യൂഹപ്രചാരണമെന്നും വിലയിരുത്തലുകളുണ്ട്. 

Tags:    
News Summary - Kamal Nath meets Sonia Gandhi, aims at Rajya Sabha seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.