തമിഴ്നാട് നിയമാസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നാടകീയ നീക്കങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. 108 സീറ്റുകൾ നേടിയ വിജയ് നയിക്കുന്ന ടി.വി.കെയാണ് തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ സീറ്റ് നേടിയ പാർട്ടി. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ വിജയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വിജയ് ഭൂരിപക്ഷം തെളിയിക്കാത്തതിനാൽ മാറ്റിവെച്ചിരിക്കുകയാണ്. 118 പേരുടെ ഒപ്പുമായി വന്നാൽ സത്യപ്രതിജ്ഞ ചെയ്യാമെന്നാണ് ഗവർണർ പറഞ്ഞത്. എന്നാൽ ഗവർണറുടെ ഈ നീക്കത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും രാജ്യസഭാ എം.പിയുമായ കമൽ ഹാസൻ.
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കമൽ ഹാസൻ എക്സിൽ കുറിച്ച നീണ്ട കുറിപ്പിലാണ് ഇത് പറഞ്ഞത്. ജനങ്ങളുടെ വിധിയെ മാനിക്കണമെന്നും ഗവർണറുടെ ഈ നീക്കം കാരണം ജനങ്ങൾ തെരഞ്ഞെടുത്ത 233 എം.എൽ.എമാർക്കും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുന്നില്ലെന്നും കമൽ ഹാസൻ ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തിന് നാണക്കേടാണെന്നും ജനാധിപത്യത്തിനേറ്റ കളങ്കമാണന്നും അദ്ദേഹം പ്രതികരിച്ചു.
ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല, നിയമസഭയിലാണെന്ന് എസ്.ആർ ബൊമ്മൈ വിധിന്യായവാദം ഉയർത്തിക്കാട്ടി കമൽ ഹാസൻ പറഞ്ഞു. തമിഴ്നാടിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമായാണ് ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വരുന്നത്. തെരഞ്ഞെടുപ്പ് ഫലം സ്വീകരിക്കുന്നതായി പ്രതികരിച്ച സ്റ്റാലിനെ പ്രശംസിക്കാനും കമൽ ഹാസൻ മറന്നില്ല.
234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടി.വി.കെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ഡി.എം.കെ സഖ്യംവിട്ട് കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ ആറ് സീറ്റുകൾ കൂടി വേണം. അതിനാൽ, 118 അംഗങ്ങളുടെ പിന്തുണയുമായി വരാൻ ഗവർണർ നിർദേശിക്കുകയായിരുന്നു. പിന്തുണക്കുന്ന കക്ഷികളുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ടി.വി.കെ നേതാക്കളോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.