കൽപ്പാക്കം (തമിഴ്നാട്): ആണവ ഇന്ധനം സ്വന്തമായി ഉൽപാദിപ്പിക്കുന്നതിലേക്കുള്ള വൻ മുന്നേറ്റമുണ്ടാക്കി കൽപ്പാക്കത്തെ തദ്ദേശീയമായി നിർമിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തനക്ഷമമായി. റിയാക്ടർ ക്രിട്ടിക്കാലിറ്റി കൈവരിച്ചതോടെയാണ് ഭാവിയിൽ വൻ വൈദ്യുതി ഉൽപാദനത്തിലേക്ക് ഉയരാൻ രാജ്യത്തിന് അഭിമാനമാകുന്നത്. ഒരു ആണവ റിയാക്ടറിനുള്ളിൽ സ്വയം നിലനിൽക്കാൻ ശേഷിയുള്ള പ്രതികരണം ആരംഭിക്കുന്ന ഘട്ടമാണ് ക്രിട്ടിക്കാലിറ്റി. പുറത്തുനിന്നുള്ള സഹായമില്ലാതെതന്നെ റിയാക്ടറിനുള്ളിലെ പ്ലൂട്ടോണിയം ആറ്റങ്ങൾ വിഘടിക്കുകയും ഊർജം ഉൽപാദിപ്പിക്കുകയും ചെയ്യും. പ്ലൂട്ടോണിയം ഇന്ധനമാക്കി വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കൂടുതൽ പ്ലൂട്ടോണിയം വീണ്ടും ഉൽപാദിപ്പിക്കുന്ന റിയാക്ടറാണിത്. 20 വർഷത്തിന് ശേഷമാകും റിയാക്ടർ പൂർണ ഉൽപാദനശേഷി കൈവരിക്കുക.

ഇന്ത്യയുടെ ആണവയാത്രയിൽ നിർണായകമായ ചുവടുവെപ്പ് നടത്തുകയാണെന്നും മൂന്ന് ഘട്ടങ്ങളുള്ള ആണവ പദ്ധതിയുടെ രണ്ടാം ഘട്ടം മുന്നോട്ട് കുതിക്കുകയാണെന്നും ഈ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉപഭോഗത്തേക്കാൾ കൂടുതൽ ഇന്ധനം ഉൽപാദിപ്പിക്കാൻ കഴിവുള്ള ഈ നൂതന റിയാക്ടർ രാജ്യത്തിന്റെ ശാസ്ത്രീയ കഴിവുകളുടെ ആഴത്തെയും എൻജിനീയറിങ് ശക്തിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം ഘട്ടത്തിൽ ഇന്ത്യയുടെ വിശാലമായ തോറിയം കരുതൽ ശേഖരം ഇന്ധനമാക്കും. പദ്ധതിയിലുള്ള ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും മോദി അഭിനന്ദിച്ചു. ഭാരതീയ നബിക്കിയ വിദ്യുത് നിഗം ലിമിറ്റഡ് (ഭവിനി) ആണ് റിയാക്ടർ പ്രവർത്തിപ്പിക്കുന്നത്. പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ, റഷ്യക്കുശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.

Tags:    
News Summary - Kalpakkam nuclear reactor passes critical stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.