മുംബൈ: മുംബൈയിലെ ക്ഷേത്രത്തിൽ കാളിയുടെ വിഗ്രഹത്തെ ഉണ്ണിയേശുവിനെ എടുത്തു നിൽക്കുന്ന മാതാവിന്‍റെ രൂപത്തിലാക്കിയെന്ന് പരാതി. സംഭവത്തിൽ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തന്റെ സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് വിഗ്രഹത്തെ ആ രീതിയിൽ അണിയിക്കാൻ നിർദ്ദേശിച്ചു എന്നാണ് പൂജാരി അവകാശപ്പെടുന്നത്.
ചെമ്പൂരിലെ കാളി മാതാ ക്ഷേത്രത്തിലാണ് സംഭവം. ഞായറാഴ്ച ക്ഷേത്രം സന്ദർശിച്ച ഭക്തർ മാതാവിന്റെ വസ്ത്രം ധരിച്ച കാളി ദേവിയുടെ വിഗ്രഹം കണ്ട് അമ്പരന്നതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കാളിയുടെ വിഗ്രഹം മാതാവിന്‍റെ വേഷം ധരിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിഡിയോയിൽ, സ്വർണ നിറത്തിലെ വസ്ത്രങ്ങളും വെളുത്ത അലങ്കാരങ്ങളുമുള്ള ഒരു വലിയ കിരീടം ധരിച്ചിരിക്കുന്ന വിഗ്രഹത്തെ കാണാം. ഉണ്ണിയേശുവിനെ കൈകളിൽ പിടിച്ചിരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇതേത്തുടർന്ന് ഭക്തർ പ്രാദേശിക പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
ക്ഷേത്രത്തിലെ പൂജാരിയായ രമേശിനെ ചോദ്യം ചെയ്തപ്പോൾ ദേവത തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് 'മാതാവിന്‍റെ രൂപത്തിൽ അലങ്കരിക്കാൻ' നിർദ്ദേശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിന് പൂജാരിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് പ്രാദേശിക കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സംഭവത്തിന് പിന്നിൽ എന്തെങ്കിലും സംഘടിത ലക്ഷ്യമുണ്ടോ എന്നും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.