കെ.കവിത
ഹൈദരാബാദ്: ഹൈദരാബാദിലെ കയ്യേറ്റങ്ങൾക്കെതിരായ 'ഹൈഡ്ര' (HYDRAA) നടപടികളിൽ രൂക്ഷവിമർശനവുമായി തെലങ്കാന രാഷ്ട് സേന (TRS) അധ്യക്ഷ കെ.കവിത രംഗത്ത്. രേവന്ത് റെഡ്ഡി നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാർ സാധാരണക്കാരുടെ വീടുകൾ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഒഴിപ്പിക്കൽ നടപടികൾക്കെതിരെയാണ് കെ. കവിത രംഗത്തെത്തിയത്. വൻകിടക്കാർ പൊതുഭൂമി കൈക്കലാക്കിയിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്ന് കവിത ആരോപിച്ചു.
ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ പൊതുഭൂമി ഉന്നത സ്വാധീനമുള്ളവർ കൈക്കലാക്കിയിട്ടുണ്ടെന്ന് കവിത ആരോപിക്കുന്നു. എന്നാൽ, വലിയ റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കുകയാണ്. നഗരത്തിലുള്ള ഏകദേശം ഏഴ് ഏക്കർ സ്ഥലം സ്വകാര്യ ഡെവലപ്പർമാർ കയ്യേറിയതായി സാറ്റലൈറ്റ് ചിത്രങ്ങൾ സഹിതം കവിത വെളിപ്പെടുത്തി. ഇതിനെതിരെ അടിയന്തര നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണിനെതിരെയും കവിത കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. കോടിക്കുണ്ട് തടാകത്തിന് സമീപം പവൻ കല്യാണിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കർ ഭൂമി സംരക്ഷിത ഷികാം ഭൂമിയും തടാകത്തിന്റെ ഫുൾ ടാങ്ക് ലെവൽ പരിധിയിൽ വരുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു. ഈ ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നും കവിത ആവശ്യപ്പെട്ടു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജനസേന നേതാക്കൾ വ്യക്തമാക്കി. ഭൂമി നിയമപരമായി വാങ്ങിയതാണെന്നും എല്ലാവിധ അനുമതികളും രേഖകളും കൃത്യമായി ഉണ്ടെന്നും അവർ അറിയിച്ചു. എന്തുതരം അന്വേഷണത്തിനും തയ്യാറാണെന്നും, നിയമപരമായ ഒരു മാനദണ്ഡവും ലംഘിച്ചിട്ടില്ലെന്നും പവൻ കല്യാൺ വ്യക്തമാക്കി. തെലങ്കാനയിലെ ജനങ്ങളെയും സ്വയംഭരണാധികാരത്തെയും താൻ എപ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും, ഇരു തെലുങ്ക് സംസ്ഥാനങ്ങളും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദിലെ തടാകങ്ങൾക്കും സർക്കാർ ഭൂമികൾക്കും സംരക്ഷണം നൽകുന്നതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസേനയാണ് ഹൈഡ്ര (Hyderabad Disaster Response and Asset Protection Agency - HYDRAA). എന്നാൽ, സമീപകാലത്തായി ഈ ഏജൻസിയുടെ പ്രവർത്തനരീതികളെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം, ഈ ഏജൻസിയുടെ പേരിനെച്ചൊല്ലി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.