ചൈനക്ക് ക്ലീൻചിറ്റ് നൽകുന്നത് മതിയാക്കൂ’; അതിർത്തിയിലെ സംഘർഷത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ
ന്യൂഡൽഹി: ചൈനയുമായുള്ള ഇന്ത്യയുടെ ദേശീയ സുരക്ഷയും സാമ്പത്തിക സുരക്ഷയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചോദ്യങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്നതായുള്ള റിപ്പോർട്ടുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി വർധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ വിമർശനം.
‘ചൈനക്ക് മതിയായ ക്ലീൻ ചിറ്റുകൾ നൽകി. പ്രധാനമന്ത്രി മോദി ഇന്ത്യക്ക് മുന്നിൽ സത്യാവസ്ഥ വ്യക്തമാക്കണം’– ഖാർഗെ എക്സിൽ കുറിച്ചു. അതിർത്തി സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ സർക്കാർ രാജ്യത്തെ ഇരുട്ടിൽ നിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുമായി വിവിധ മേഖലകളിൽ മുഖാമുഖം സംഘർഷങ്ങൾ തുടരുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറൽ ശത്രുജീത് സിങ് കപൂർ വെള്ളിയാഴ്ച പറഞ്ഞിരുന്നു. തക്സിങ് മേഖലയിൽ ചൈനീസ് സൈനികരുമായുണ്ടായതായി റിപ്പോർട്ട് ചെയ്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഖാർഗെയുടെ പ്രതികരണം.
ഓഗസ്റ്റിൽ തക്സിങ്ങിന് സമീപം ചൈനീസ് സൈനികർ അതിക്രമിച്ചുകയറിയെന്ന റിപ്പോർട്ടുകൾ പരാമർശിച്ച ഖാർഗെ, ഇന്ത്യയുടെ പട്രോളിങ് പ്രവേശനം തടസ്സപ്പെട്ടിട്ടുണ്ടോയെന്നും ചോദിച്ചു. 2020ലെ ഗൽവാൻ സംഘർഷത്തിന് സമാനമായ മറ്റൊരു ഗുരുതരമായ അതിർത്തി പ്രതിസന്ധിക്ക് സാധ്യതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഗൽവാൻ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.
അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. എന്തുകൊണ്ടാണ് രാജ്യത്തെ ഇരുട്ടിൽ നിർത്തുന്നത്?’ എന്നും ഖാർഗെ ചോദിച്ചു. ജൂലൈ മുതൽ അപ്പർ സുബാൻസിരി ജില്ലയിലെ തക്സിങ് മേഖലയിൽ ചൈനീസ് സൈനികരുമായി തർക്കം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, അതിർത്തിയിലെ സ്ഥിതിഗതികൾ ഇന്ത്യ-ചൈന ബന്ധത്തെ മൊത്തത്തിൽ ബാധിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ നിലവിലുള്ള നയതന്ത്ര, സൈനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചൈനയുമായുള്ള വ്യാപാരബന്ധത്തിലും വിമർശനം
ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധത്തെയും ഖാർഗെ വിമർശിച്ചു. ‘ചൈനയിൽ നിന്നുള്ള ഇറക്കുമതി 102 ശതമാനം വർധിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 155 ശതമാനം ഉയർന്ന് 112.16 ബില്യൺ ഡോളറിലെത്തി. ചൈന ഇന്ത്യൻ കയറ്റുമതിക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ പോലും സമ്മതിച്ചിട്ടുണ്ട്’– ഖാർഗെ പറഞ്ഞു.
ചൈനയുമായി ബന്ധമുള്ള ചില സംരംഭങ്ങൾക്ക് നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനും ഉൽപ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. ‘മേക് ഇൻ ഇന്ത്യ എന്നത് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുക എന്നായി മാറിയോ?’ എന്നും ഖാർഗെ ചോദിച്ചു.
ഇന്ത്യ-ചൈന നയതന്ത്ര ഇടപെടലുകളുടെ ഫലമെന്താണെന്നും അദ്ദേഹം ചോദിച്ചു. 2020 മെയ് മാസത്തിന് മുമ്പുണ്ടായിരുന്ന ഇന്ത്യയുടെ പട്രോളിങ് അവകാശങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ടോ എന്നതിലും സർക്കാർ വ്യക്തത നൽകണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.
‘ഡിപ്ലോമാറ്റിക് ഫോട്ടോ ഓപ്പർച്യൂണിറ്റികൾ’ക്കെതിരെ കോൺഗ്രസ്
അരുണാചൽ പ്രദേശ് അതിർത്തിയിൽ സൈനികർ തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയതിനെയും കോൺഗ്രസ് വിമർശിച്ചു. അതിർത്തിയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിൽ സംഘർഷം തുടരുന്നതിനിടെ മോദി ഷിയെ സ്വീകരിച്ചത് സൈനികരുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ദേശീയ സുരക്ഷക്ക് ഉത്തരവാദിത്വമാണ് ആവശ്യമെന്നും ‘ഡിപ്ലോമാറ്റിക് ഫോട്ടോ ഓപ്പർച്യൂണിറ്റികളും ഹഗ്പ്ലോമസിയും’ അല്ലെന്നും ഖാർഗെ പറഞ്ഞു. ‘ചിലപ്പോൾ ചൈനക്ക് ക്ലീൻ ചിറ്റ് നൽകുന്നു, ചിലപ്പോൾ പട്രോളിങ് പോയിന്റുകളുടെയും രാജ്യത്തിന്റെ ഭൂമിയുടെയും നിയന്ത്രണം ഉപേക്ഷിക്കുന്നു. ഈ ദുർബലനായ പ്രധാനമന്ത്രി രാജ്യത്തിന് വലിയ നാശമാണ് വരുത്തിയത്’ എന്നും കോൺഗ്രസ് ആരോപിച്ചു.
ചൈനക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന കോൺഗ്രസിന്റെ ആരോപണം കേന്ദ്രസർക്കാർ നേരത്തെ തള്ളിയിരുന്നു. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷാ വിഷയങ്ങളെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി.ജെ.പി നേതാക്കളും ആരോപിച്ചിരുന്നു. നെഹ്റു ചൈനക്ക് ഭൂമി വിട്ടുകൊടുത്തുവെന്ന ആരോപണവും ബി.ജെ.പി ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന ബന്ധം ഏതാനും വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതിനെക്കാൾ മെച്ചപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.