ഗ്യാനേഷ് കുമാർ രാജിവെക്കണം; തമിഴ്നാട്ടിൽ സർവകക്ഷി യോഗത്തിൽ പ്രതിഷേധം

ചെന്നൈ: എസ്.ഐ.ആർ നടപടികളുടെ പേരിൽ വ്യാപകമായി വോട്ടുവെട്ടിയ നടപടിയിൽ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. എസ്.ഐ.ആർ ക്രമക്കേടുകൾ പരിഹരിക്കാതെ വീണ്ടും പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡി.എം.കെയും, ഭരണകക്ഷിയായ ടി.വി.കെയുടെ നേതൃത്വത്തിലുള്ള സഖ്യവും എസ്.എസ്.ആർ ചർച്ചകൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ചു. 74 ലക്ഷത്തിലധികം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിൽ വിശദീകരണം ആവശ്യപ്പെട്ട പാർട്ടി പ്രതിനിധികൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ടു.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അർച്ചന പട്നായിക്കിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വോട്ടർപട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരുടെ പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിച്ച ശേഷമാണ് പ്രതിപക്ഷ, ഭരണപക്ഷ പാർട്ടി പ്രതിനിധികൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.

തമിഴ്നാട്ടിൽ എസ്.ഐ.ആർ നടപടികളുടെ ഭാഗമായി 74 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. ഇവരെ വീണ്ടും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഡി.എം.കെ നിയമവിഭാഗം സെക്രട്ടറി ഐ. പരന്താമൻ ചോദിച്ചു. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ച ശേഷമാണ് യോഗം ബഹിഷ്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എസ്.ഐ.ആർ നടപടികളെ തുടക്കം മുതൽ പാർട്ടി എതിർക്കുന്നുണ്ടെന്ന് തമിഴ്നാട് മന്ത്രിയും പാർട്ടി നേതാവുമായ സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. എസ്.ഐ.ആറിൽ വ്യാപക പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രിൽ 23ന് നടന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐ.ആർ നടപ്പാക്കിയിരുന്നില്ലെങ്കിൽ 234 അംഗ നിയമസഭയിൽ ടി.വി.കെ 160ലധികം സീറ്റുകൾ നേടുമായിരുന്നെന്നും നിർമൽ കുമാർ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികൾ നീതിപൂർവവും സുതാര്യവുമാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.ഐ.ആറും എസ്.എസ്.ആറും വ്യത്യസ്ത നടപടികളാണ്. വോട്ടർപട്ടിക സമഗ്രമായി പരിശോധിച്ച് പുതുക്കുന്ന നടപടിയാണ് എസ്.ഐ.ആർ. നിലവിലുള്ള വോട്ടർപട്ടികയിൽ പേരുകൾ കൂട്ടിച്ചേർക്കുക, ഒഴിവാക്കുക, വിവരങ്ങളിലെ തെറ്റുകൾ തിരുത്തുക തുടങ്ങിയ നടപടികളാണ് പ്രത്യേക സംക്ഷിപ്ത പരിഷ്കരണത്തിന്റെ (എസ്.എസ്.ആർ) ഭാഗമായി നടക്കുന്നത്.

2027 ജനുവരി ഒന്നിന് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.എസ്.ആർ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, നേരത്തേ നടത്തിയ എസ്.ഐ.ആറിലെ പിഴവുകൾ പരിഹരിക്കാതെ വീണ്ടും വോട്ടർപട്ടിക പുതുക്കാനുള്ള നീക്കത്തെയാണ് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നത്.

Tags:    
News Summary - DMK and TVK Boycott Election Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.