ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസും, വിഹിതം നൽകേണ്ടത് കമ്പനികൾ: പുതിയ നീക്കത്തിന് കേന്ദ്രം

ന്യൂഡൽഹി: ഗിഗ്, പ്ലാറ്റ്‌ഫോം, അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കായി വാർധക്യകാല സംരക്ഷണ പദ്ധതികൾ എപ്രകാരം രൂപകൽപ്പന ചെയ്യണമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ആലോചനയിലാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ലോകത്തൊരിടത്തും ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു മേഖലയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ആഗോളതലത്തിൽ, വാർധക്യകാല സംരക്ഷണം എന്നത് എപ്പോഴും വിഹിതങ്ങൾ അടയ്ക്കുന്ന പെൻഷൻ പദ്ധതികളായാണ് കണക്കാക്കപ്പെട്ടിരുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.  ഡിജിറ്റൽ കൊമേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗിഗ്-പ്ലാറ്റ്‌ഫോം മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും യുവാക്കളാണെന്നും, അവരുടെ വർത്തമാനകാലം മാത്രമല്ല ഭാവി കൂടി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ പ്രൊട്ടക്ഷൻ എന്തുകൊണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് പ്രധാനപ്പെട്ടതാകുന്നു എന്നതിനെക്കുറിച്ച് സംസാരിക്കവെ, തൊഴിലാളികൾ സന്തോഷവാന്മാരും സുരക്ഷിതരുമായിരിക്കുമ്പോൾ ഉൽപ്പാദനക്ഷമത വർധിക്കുകയും, തൊഴിലാളികൾ പ്ലാറ്റ്‌ഫോമിൽ തുടരുകയും, ഇടപാട് ചെലവുകൾ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

2020ലെ സാമുഹിക സുരക്ഷാ കോഡ് ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കായി ആയുസ്-വൈകല്യ പരിരക്ഷ, അപകട ഇൻഷുറൻസ്, ആരോഗ്യ-പ്രസവാനുകൂല്യങ്ങൾ, വാർധക്യകാല സംരക്ഷണം, ഡേ-കെയർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്രത്തിന് അനുമതി നൽകുന്നുണ്ട്. കൂടാതെ, ഫുഡ് ഡെലിവറി, റൈഡ്-ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമുകൾ പോലുള്ള അഗ്രിഗേറ്റർമാരുടെ വിഹിതം ഉപയോഗിച്ച് ഈ തൊഴിലാളികൾക്കായി ഒരു 'സോഷ്യൽ സെക്യൂരിറ്റി ഫണ്ട്' രൂപീകരിക്കാനും കോഡ് വ്യവസ്ഥ ചെയ്യുന്നു. അഗ്രിഗേറ്റർമാർ തങ്ങളുടെ വാർഷിക വരുമാനത്തിന്റെ 1-2 ശതമാനം ഇതിനായി സംഭാവന ചെയ്യേണ്ടതുണ്ട്.

പുതിയ ലേബർ കോഡുകൾ വഴി നിയമത്തിൽ ആദ്യമായി ഗിഗ് വർക്കർ, പ്ലാറ്റ്‌ഫോം വർക്കർ, അഗ്രിഗേറ്റർ എന്നീ പദങ്ങൾക്ക് വ്യക്തമായ നിർവചനം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.  ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിൽ വിപണി ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള മികച്ച വഴക്കം നൽകുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം മറ്റ് പരമ്പരാഗത തൊഴിൽ വിപണികളെ അപേക്ഷിച്ച് ഈ പ്രത്യേക തൊഴിൽ വിപണിയിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാണെന്നും തടസ്സങ്ങൾ വളരെ പരിമിതമാണെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - pension scheme for gig workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.