ന്യൂഡൽഹി: ഗുജറാത്ത് കലാപവും സിഖ് കൂട്ടക്കൊലയും അന്വേഷിച്ച സുപ്രിം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗിരീഷ് താക്കൂർലാൽ നാനാവതി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചക്ക് അഹമ്മദാബാദിലായിരുന്നു മരണം. വൈകുന്നേരത്തോടെ സംസ്കാരം നടന്നു.
1935 ഫെബ്രുവരി 17ന് ഗുജറാത്തിലെ ഭറൂച്ചിൽ ജനിച്ചു. 1958ൽ ബോംബെ ഹൈകോടതിയിൽ അഭിഭാഷകനായി. 1979 ജൂലൈയിൽ ഗുജറാത്ത് ഹൈകോടതിയിൽ സ്ഥിര ജഡ്ജി ആയി നിയമിതനായി.
2002 ലെ ഗോധ്രയിലെ ട്രെയിൻ തീവെപ്പും തുടർന്ന് നടന്ന ഗുജറാത്ത് കലാപവും നാനാവതി അന്വേഷിച്ചത് ജസ്റ്റിസ് അക്ഷയ് മേഹ്ത്തക്കൊപ്പമായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാരാണ് രണ്ടംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. കലാപ സമയത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിക്കും മന്ത്രിസഭാംഗങ്ങൾക്കും പൊലീസിനും കമീഷൻ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
2000ൽ എൻ.ഡി.എ സർക്കാറാണ് 1984 ലെ സിഖ് കൂട്ടക്കൊല അന്വേഷിക്കാൻ നാനാവതിയെ നിയോഗിച്ചത്. കോൺഗ്രസ് നേതാക്കളായിരുന്ന സജ്ജൻകുമാറിനും ജഗദീഷ് ടൈറ്റ്ലർക്കുമെതിരെ റിപ്പോർട്ടിൽ ഗുരുതരമായ കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു.
പിന്നീട്, 1993 ഡിസംബറിൽ ഒഡീഷ ഹൈകോടതിയിലേക്ക് സ്ഥലംമാറ്റം. 1994 ജനുവരിയിൽ ഒഡീഷ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായി. അടുത്ത വർഷം മാർച്ചിൽ സുപ്രിംകോടതി ജഡ്ജിയായി. 2000 ഫെബ്രുവരി 16ന് വിരമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.